ചെന്നൈ: നഗരത്തില്‍ പട്ടാപ്പകല്‍ വന്‍ ബാങ്ക് കവര്‍ച്ച. ഫെഡ് ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ അരുംബാക്കം ശാഖയിലാണ് കവര്‍ച്ച നടന്നത്. 20 കോടി രൂപയുടെ സ്വര്‍ണവും പണവുമാണ് ഇവിടെ നിന്ന് കവര്‍ന്നത്. ഇടപാടുകാര്‍ ഈടായി നല്‍കിയ സ്വര്‍ണമാണ് നഷ്ടമായത്.
ജീവനക്കാരെ തോക്ക് ചൂണ്ടി ബന്ദിയാക്കിയാണ് കോടികള്‍ കവര്‍ന്നത്. ബാങ്കിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ തന്നെയാണ് കവര്‍ച്ച എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ അരുംബാക്കം ഹണ്ട്രഡ് സ്ട്രീറ്റ് റോഡിലെ ഓഫീസിനകത്തേക്ക് മൂന്നംഗ സായുധ സംഘം ഇരച്ചു കയറിയാണ് മോഷണം നടത്തിയത്. സുരക്ഷാ ജീവനക്കാരനെ മയക്കുമരുന്ന് മണപ്പിച്ച് ബോധം കെടുത്തിയാണ് സംഘം അകത്തേക്ക് കടന്നത്. പിന്നാലെ മറ്റു ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി. ഇതിന് ശേഷം ഷട്ടറുകള്‍ താഴ്ത്തി സംഘം പണം കവരുകയായിരുന്നു.
ചെന്നൈ ഡെപ്യൂട്ടി കമ്മീഷണറടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇപ്പോള്‍ പരിശോധനകള്‍ നടത്തുകയാണ്. ആറ് പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് ചെന്നൈ നഗരത്തില്‍ തിരച്ചിലും ആരംഭിച്ചിട്ടുണ്ട്.