ചെന്നൈ: തമിഴ് സൂപ്പര്‍താരവും മക്കള്‍ നീതി മയ്യം പ്രസിഡന്റുമായ കമല്ഹാസന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കായി പ്രചാരണത്തിനിറങ്ങും. ഇറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇ.വി.കെ.എസ് ഇളങ്കോവന് വേണ്ടിയാണ് കമല്‍ പ്രചാരണത്തിനിറങ്ങുക. ഫെബ്രുവരി 19നാണ് കമല്ഹാസന് പ്രചാരണത്തിനെത്തുക.
ഡി.എം.കെ സഖ്യ സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്ന് കമല്ഹാസന് നേരത്തെ അറിയിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലും കമല്ഹാസന് പങ്കെടുത്തിരുന്നു. 2021ലെ തെരഞ്ഞെടുപ്പില്‍ ഇറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ നിന്നും മക്കള്‍ നീതി മയ്യം സ്ഥാനാര്‍ഥി എ.എം.ആര് രാജ്കുമാറിന് 10,005 വോട്ടുകള്‍ ലഭിച്ചിരുന്നു. ഫെബ്രുവരി 27ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചടുത്തോളം നിര്‍ണായകമാണ് മക്കള്‍ നീതി മയ്യത്തിന്റെ പിന്തുണ.
മണ്ഡലത്തില്‍ കെ.എസ് തെന്നരസുവാണ് എ.ഐ.ഡി.എം.കെ സ്ഥാനാര്‍ഥി. തെരഞ്ഞെടുപ്പ് ഡി.എം.കെ സര്‍ക്കാറിനുള്ള താക്കീതാവുമെന്നാണ് എ.ഐ.ഡി.എം.കെ പറയുന്നത്.