ചെന്നൈ: തന്റെ 70-ാം ജന്മദിനമായ ബുധനാഴ്ച അനാവശ്യ ആഘോഷങ്ങള്‍ പാടില്ലെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി എം.കെ.സ്റ്റാലിന്‍. വമ്ബന്‍ കട്ടൗട്ടുകളോ, ഫ്ലക്സുകളോ സ്ഥാപിച്ചുകൊണ്ടുള്ള ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരത്തില്‍ കൂടുതല്‍ പണം ചെലവാക്കരുതെന്നും പൊതുജനമധ്യത്തില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ മോശമാക്കരുതെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനമൊട്ടാകെ ആഘോഷങ്ങള്‍ നടത്താനാണ് ഡി.എം.കെ ഒരുങ്ങുന്നത്. അതേദിവസം ചെന്നൈയില്‍ നടക്കാനിരിക്കുന്ന പൊതുസമ്മേളനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എസ്.പി നേതാവ് അഖിലേഷ് യാദവ്, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജ്വസി യാദവ്, ജമ്മുകശ്മിര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല എന്നിവര്‍ പങ്കെടുക്കും. ആഘോഷപരിപാടിയില്‍ പാര്‍ട്ടി പതാക ഉയര്‍ത്താനും ദ്രാവിഡ മുദ്രാവാക്യം മുഴക്കാനും നിര്‍ദേശിച്ച സ്റ്റാലിന്‍ നിര്‍ധനര്‍ക്ക് സഹായങ്ങള്‍ നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.