സേലം: വ്യായാമത്തിന്റെ ഇടവേളയില്‍ ഭക്ഷണം കഴിയ്ക്കുന്നതിനിടെ ബ്രെഡ് തൊണ്ടയില്‍ കുടുങ്ങി 21 കാരനായ ബോഡി ബില്‍ഡര്‍ ശ്വാസംമുട്ടി മരിച്ചു. സേലം ജില്ലയിലെ പെരിയ കൊല്ലപ്പട്ടി സ്വദേശിയായ എം ഹരിഹരന് (21) എന്ന യുവാവാണ് മരിച്ചത്. കടലൂര്‍ ജില്ലയിലെ വടല്ലൂരില്‍ നടക്കുന്ന സംസ്ഥാനതല ബോഡി ബില്‍ഡിംഗ് ചാമ്ബ്യന്‍ഷിപ്പിന് മുന്നോടിയായുള്ള പരിശീലനത്തിലായിരുന്നു ഹരിഹരന്. 70 കിലോ താഴെയുള്ള വിഭാഗത്തിലാണ് ഹരിഹരന് മത്സരിക്കാന്‍ തയ്യാറെടുത്തിരുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ ചാമ്ബ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കടലൂരിലെത്തിയിരുന്നു. വിവാഹ ഓഡിറ്റോറിയത്തിലായിരുന്നു താമസം. ഞായറാഴ്ച രാത്രി എട്ടുമണിയോടെ ഹരിഹരന് വര്‍ക്കൗട്ട് ചെയ്യുകയായിരുന്നു.
ബ്രേക്ക് എടുത്ത് ബ്രെഡ് കഴിച്ചപ്പോള്‍ ഒരു വലിയ കഷണം തൊണ്ടയില്‍ കുടുങ്ങി. അയാള്‍ക്ക് ശ്വസിക്കാന്‍ കഴിഞ്ഞില്ല, പെട്ടെന്ന് മയങ്ങി. സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.