ചെന്നൈ: മുസ്‍ലിം ലീഗ് പ്ലാറ്റിനം ജൂബിലി വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടന സമ്മേളനം ഇന്ന് സമാപിക്കും. വ്യാഴാഴ്ച സമൂഹ വിവാഹ ചടങ്ങോടെയാണ് ചെന്നൈയില്‍ സമ്മേളനം ആരംഭിച്ചത്.സ്വാതന്ത്രാനന്തരം മുസ്‌ലിം ലീഗ് പ്രവര്‍ത്തനം ഇന്ത്യയില്‍ തുടരാന്‍ തീരുമാനമെടുത്ത നിര്‍ണായക യോഗത്തിന്റെ പുനരാവിഷ്‍കാരമാണ് രാജാജി ഹാളില്‍ രാവിലെ ഒമ്ബതിന് നടക്കുക. 1948 മാര്‍ച്ച് 10ന് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈലിന്റെ നേതൃത്വത്തിലായിരുന്നു ലീഗിന്റെ നിര്‍ണായക യോഗം ചേര്‍ന്നത്. ജസ്റ്റിസ് ജി.എം. അക്ബറലി ചടങ്ങില്‍ മുഖ്യാതിഥിയാകും.
രാജാജി ഹാള്‍ ഇപ്പോള്‍ പൊതുപരിപാടികള്‍ക്ക് നല്‍കാറില്ല. ലീഗിന്റെ ചരിത്രസമ്മേളനത്തിന് സര്‍ക്കാര്‍ പ്രത്യേകം വിട്ടുനല്‍കുകയായിരുന്നു. പാര്‍ട്ടിയെ പൂര്‍വാധികം ശക്തിയോടെ മുന്നോട്ടു കൊണ്ടുപോകുമെന്ന് വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളും പ്രതിനിധികളും വിവിധ ഭാഷകളില്‍ പ്രതിജ്ഞയെടുക്കും.
വൈകീട്ട് മൂന്നിന് കൊട്ടിവാക്കം രാജീവ് ഗാന്ധി റോഡിലെ വൈ.എം.സി.എ ഗ്രൗണ്ടില്‍ ഗ്രീന്‍ ഗാര്‍ഡ് പരേഡ് നടക്കും. 3.30 മുതല്‍ അഞ്ചുവരെ ലീഗ് ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീത പരിപാടിയാണ്. 6.45ന് നടക്കുന്ന സമാപന സമ്മേളനം പാണക്കാട് സാദിഖലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ മുഖ്യാതിഥിയായി പങ്കെടുക്കും.