അബൂദബി | മാള്‍ മില്യനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ദിര്‍ഹമിന്റെ സമ്മാനം ലഭിച്ചത് ഇന്ത്യക്കാരിക്ക്. തമിഴ്നാട്ടുകാരിയായ സെല്‍വറാണി ഡാനിയല്‍ ജോസഫാണ് മാള്‍ മില്യനയറിലൂടെ കോടിപതിയായത്. അവധിക്കു നാട്ടില്‍ പോയ സെല്‍വറാണിയെ സമ്മാനവിവരം അറിയിക്കാന്‍ അധികൃതര്‍ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. കഴിഞ്ഞയാഴ്ച സെല്‍വറാണിക്ക് മാളില്‍ നിന്നു കിട്ടിയ 80 കൂപ്പണുകളിലൊന്നിനാണ് പത്തുലക്ഷം ദിര്‍ഹം സമ്മാനമടിച്ചത്. കൂപ്പണുകള്‍ വാങ്ങിയപ്പോള്‍ ഭാര്യയുടെ നമ്ബരായിരുന്നു നല്‍കിയിരുന്നതെന്നും അവര്‍ നാട്ടില്‍ പോയപ്പോള്‍ യു എ ഇ സിം മാറ്റിയതിനാലാണ് ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരുന്നതെന്നും ഭര്‍ത്താവ് അരുള്‍ശേഖര്‍ ആന്റണി സാമി പറഞ്ഞു.
വിളിച്ചുകിട്ടാതായതോടെ മാള്‍ അധികൃതര്‍ വാട്സ്‌ആപ്പ് സന്ദേശമയച്ചതോടെയാണ് സെല്‍വറാണി വിവരമറിയുന്നത്. തുടര്‍ന്ന് ഇവര്‍ അബൂദബിയിലുള്ള ഭര്‍ത്താവിനെ വിവരം അറിയിക്കുകയായിരുന്നു. സമ്മാനവിവരം അറിയിച്ച ആദ്യസമയം തട്ടിപ്പാണെന്നാണ് സെല്‍വറാണി കരുതിയത്. തുടര്‍ന്ന് വിശദവിവരങ്ങള്‍ നല്‍കിയതോടെയാണ് അവര്‍ക്ക് വിശ്വാസമായത്. സെല്‍വറാണിയും മക്കളും നാട്ടിലായതിനാല്‍ അരുള്‍ശേഖറാണ് സമ്മാനം കൈപ്പറ്റിയത്. 14 വര്‍ഷമായി അബൂദബിയില്‍ കഴിയുന്ന ദമ്ബതികള്‍ ലുലുവില്‍ നിന്നാണ് സ്ഥിരമായി സാധനങ്ങള്‍ വാങ്ങിയിരുന്നത്. അബൂദബി സിറ്റിയിലെ ടിസിഎയിലായിരുന്നു ആറുവര്‍ഷമെന്നും ഈ സമയങ്ങളില്‍ അല്‍ വഹ്ദ മാളിലും പിന്നീട് മുസ്സഫയിലേക്ക് മാറിയതോടെ മയ്സാദ് മാളിലുമാണ് തങ്ങള്‍ സ്ഥിരമായി പോവുന്നതെന്നും അരുള്‍ ശേഖര്‍ പറഞ്ഞു.
ഇരുവരുടെയും മകന്‍ തമിഴ്നാട്ടില്‍ എന്‍ജിനീയറിംഗിനും മകള്‍ പ്ലസ് ടുവിനുമാണ് പഠിക്കുന്നത്. മക്കളുടെ പഠനത്തിനായി പണം ചെലവഴിക്കുമെന്നു പറഞ്ഞ അരുള്‍ശേഖര്‍ മകളെ എം ബി ബി എസിനു ചേര്‍ക്കാന്‍ പണം സഹായകമാവുമെന്നും വ്യക്തമാക്കി. പാവപ്പെട്ടവരെ സഹായിക്കാനും പണം ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മാള്‍ മില്യനയര്‍ ലുലു വീണ്ടും തുടങ്ങിയത്. മെഗാ പ്രൈസ് കൂടാതെ ലുലു ആഴ്ചതോറുമുള്ള നറുക്കെടുപ്പിലൂടെ 25,000 ദിര്‍ഹവും സമ്മാനമായി നല്‍കുന്നുണ്ട്. അബൂദബി സാംസ്കാരിക, ടൂറിസം വകുപ്പിന്റെ റീട്ടെയില്‍ പ്ലാറ്റ്ഫോം ആയ റീട്ടെയില്‍ അബൂദബിയുമായി സഹകരിച്ചാണ് ലുലു മാള്‍ മില്യനയര്‍ സമ്മാനപദ്ധതി നടപ്പാക്കുന്നത്.