ചെന്നൈ: വൈക്കത്ത് സ്ഥിതി ചെയ്യുന്ന പെരിയാര്‍ സ്മാരകത്തിന്റെ പുനരുദ്ധാരണത്തിന് 8.14 കോടി രൂപ അനുവദിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നിയമസഭയില്‍ അറിയിച്ചു. വൈക്കം സത്യഗ്രഹ ശതാബ്ദിയോടനുബന്ധിച്ച് 2023 മാര്‍ച്ച് 30 മുതല്‍ തമിഴ്നാട് സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും.
ചരിത്ര ഗവേഷകനായ പഴ അധ്യയമാന് എഴുതിയ ‘വൈക്കം പോരാട്ടം’ എന്ന തമിഴ് പുസ്തകം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത് പ്രസിദ്ധീകരിക്കും. തെലുങ്ക്, കന്നഡ, ഇംഗ്ലീഷ് പരിഭാഷകളും പുറത്തിറക്കും. പെരിയാറിന്റെ സ്മരണാര്‍ഥം ഇതര സംസ്ഥാനങ്ങളിലെ അടിച്ചമര്‍ത്തപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രയത്നിച്ച് ശ്രദ്ധേയമായ മാറ്റങ്ങളുണ്ടാക്കിയ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും തമിഴ്നാട് സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 17ന് ‘വൈക്കം അവാര്‍ഡു’കള്‍ സമ്മാനിക്കും.
പെരിയാറിനെ തടവിലാക്കിയ അരുവിക്കുത്ത് ഗ്രാമത്തില്‍ സ്മാരകം സ്ഥാപിക്കും. വൈക്കം സമരത്തിന്റെ ശതാബ്ദി സ്മരണിക തപാല്‍ സ്റ്റാമ്ബും പുറത്തിറക്കാന്‍ നടപടി സ്വീകരിക്കുമെന്നും സ്റ്റാലിന് അറിയിച്ചു. വൈക്കം സമരത്തില്‍ പെരിയാര്‍ ഇ.വി. രാമസാമി വഹിച്ച പങ്ക് സംബന്ധിച്ചും സ്റ്റാലിന് നിയമസഭയില്‍ വിശദീകരിച്ചു.