ചെന്നൈ ∙ മധുര എംപി സു.വെങ്കിടേശനെ അധിക്ഷേപിച്ചും വ്യാജ വിവരങ്ങൾ ചേർത്തും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടതിന് ബിജെപി തമിഴ്‌നാട് സെക്രട്ടറി എസ്.ജി.സൂര്യയെ മധുര സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു.സിപിഎം മധുര അർബൻ ജില്ലാ സെക്രട്ടറി എം.ഗണേശൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മധുര പെണ്ണാടം ടൗൺ പഞ്ചായത്തിലെ 12–ാം വാർഡ് കൗൺസിലറും സിപിഎം അംഗവുമായ വിശ്വനാഥൻ എന്നയാൾ ദലിത് വിഭാഗത്തിൽപ്പെട്ട ശുചീകരണ തൊഴിലാളിയെ നിർബന്ധിച്ച് ശുചിമുറി മാലിന്യം വൃത്തിയാക്കിപ്പിച്ചെന്നും ഇതേ തുടർന്ന് ഈ തൊഴിലാളി അണുബാധയേറ്റു മരിച്ചെന്നുമായിരുന്നു ആരോപണം.
ഈ വിഷയത്തിൽ സു.െവങ്കിടേശൻ മൗനം പാലിക്കുകയാണെന്നും പോസ്റ്റിൽ ആരോപിച്ചിരുന്നു. എന്നാൽ, അന്വേഷണത്തിൽ ഇതേ പേരിൽ ഒരു കൗൺസിലർ ഇല്ലെന്നും തൊഴിലാളി മരിച്ചതു പോലെയുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ബോധ്യമായി. ഇതോടെ, ജാതി സംഘർഷം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ കിംവദന്തികൾ പ്രചരിപ്പിച്ച് സൂര്യ സാമൂഹിക സംഘർഷങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചെന്നു സിപിഎം പൊലീസിൽ പരാതി നൽകി.
പിന്നാലെ, ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി സൂര്യയെ രാത്രി വീട്ടിൽ നിന്ന് അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. അതേ സമയം, സൂര്യയെ അറസ്റ്റു ചെയ്തതിനെ വിമർശിച്ച് കേന്ദ്രമന്ത്രി നിർമല സീതാരാമൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.