ചെന്നൈ: തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എൻ. രവിയെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്ത് നല്‍കി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ഭരണഘടനയുടെ159-ാം അനുച്ഛേദ പ്രകാരം സത്യപ്രതിജ്ഞ ചെയ്ത ഗവര്‍ണര്‍, ഭരണഘടനാമൂല്യങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കുന്നില്ലെന്നും വര്‍ഗീയ വേര്‍തിരിവ് സൃഷ്ടിച്ച് സംസ്ഥാനത്ത് അശാന്തി പരത്തുകയാണെന്നും സ്റ്റാലിൻ കത്തില്‍ കുറിച്ചു.
പക്ഷപാതപരവും ഔചിത്യമില്ലാത്തതുമായ തീരുമാനങ്ങളെടുക്കുന്ന രവിയെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് രാഷ്ട്രപതിക്ക് നല്‍കിയ കത്തില്‍ സ്റ്റാലിൻ ആവശ്യപ്പെട്ടു. അണ്ണാ ഡിഎംകെ അംഗങ്ങള്‍ ഉള്‍പ്പെട്ട കേസില്‍ സിബിഐ അന്വേഷണത്തിന് അനുമതി നല്‍കാതിരുന്ന ഗവര്‍ണര്‍ മന്ത്രി സെന്തില്‍ ബാലാജിയെ കാബിനറ്റില്‍ നിന്ന് പുറത്താക്കാൻ തിടുക്കം കാണിച്ചു. ഇത് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പക്ഷപാതിത്വം വെളിവാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാതെ കാലതാമസം വരുത്തുന്നത് ശരിയായ നടപടിയല്ലെന്നും പോലീസ് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകളില്‍ ഇടപെട്ട് അതിനെ തകിടം മറിക്കാനും ഗവര്‍ണര്‍ ശ്രമിച്ചെന്ന് സ്റ്റാലിൻ ആരോപിച്ചു.
ഭരണഘടനയുടെ 156(1)-ാം അനുച്ഛേദം അനുസരിച്ച് ഗവര്‍ണറെ തല്‍സ്ഥാനത്ത് നിന്ന് നീക്കാനുള്ള അധികാരം രാഷ്ട്രപതിക്ക് മാത്രമാണെന്നും കത്തില്‍ സൂചിപ്പിച്ച കാര്യങ്ങളിലൂടെ പദവിയില്‍ തുടരാൻ രവി യോഗ്യനല്ലെന്ന് കണ്ട് അദ്ദേഹത്തെ പുറത്താക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.