ചെന്നൈ: കരിങ്കല്‍ ക്വാറി കരാറുകാരനില്‍ നിന്ന് വാഷിംഗ് മെഷീൻ കൈക്കൂലിയായി വാങ്ങിയ റവന്യു ഡിവിഷണല്‍ ഓഫീസര്‍ക്ക്(ആര്‍ഡിഒ) നാല് വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും വിധിച്ച് കോടതി.
തമിഴ്നാട് തിരുവള്ളുര്‍ സ്വദേശിയായ ചന്ദ്രശേഖരൻ എന്ന മുൻ ആര്‍ഡിഒയ്ക്കെതിരെയാണ് തിരുവള്ളൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഈ വിധി പ്രസ്താവിച്ചത്. 2009 ഓഗസ്റ്റില്‍, തിരുട്ടാണി മേഖലയിലെ ആര്‍ഡിഒ ആയിരിക്കെയാണ് ചന്ദ്രശേഖരൻ കൈക്കൂലിയായി വാഷിംഗ് മെഷിൻ വാങ്ങിയത്. തിരുട്ടാണി താലൂക്കിലെ കാര്‍ത്തികേയപുരം ഗ്രാമത്തില്‍ കരിങ്കല്‍ ക്വാറി നടത്തുന്ന ആറക്കോണം സ്വദേശിയായ സി. ബാബുവിനോടാണ് ചന്ദ്രശേഖരൻ കൈക്കൂലി ആവശ്യപ്പെട്ടത്. ബാബുവിന്‍റെ അമ്മാവന്‍റെ പേരിലുള്ള ക്വാറി ലൈസൻസ് റദ്ദാക്കുമെന്ന് ക്വാറിയിലെത്തി ചന്ദ്രശേഖരൻ ഭീഷണി മുഴക്കിയിരുന്നു.
പിറ്റേന്ന് ഓഫീസിലെത്തി കണ്ട ബാബുവിനോട് തനിക്ക് ഒരു പുതുപുത്തൻ വാഷിംഗ് മെഷീൻ വേണമെന്നും ഇല്ലെങ്കില്‍ ക്വാറി അടച്ചുപൂട്ടുമെന്നും ചന്ദ്രശേഖരൻ അറിയിച്ചതോടെ പിറ്റേന്ന് ഒരു പുതിയ വാഷിംഗ് മെഷീൻ വാങ്ങി നല്‍കി.
എന്നാല്‍ തനിക്ക് 10,000 രൂപ കൂടി കൈമടക്കായി വേണമെന്ന് ചന്ദ്രശേഖരൻ ബാബുവിനോട് ആവശ്യപ്പെട്ടതോടെ ഈ വിവരം ബാബു വിജിലൻസിനെ അറിയിച്ചു. തുടര്‍ന്ന് വിജിലൻസ് നിര്‍ദേശിച്ചപ്രകാരം ബാബു കൈക്കൂലി നല്‍കാനായി ചന്ദ്രശേഖരനെ വിളിച്ചുവരുത്തുകയും പണം കൈമാറുന്നതിനിടെ ഇയാളെ കൈയോടെ പിടികൂടുകയുമായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട വിചാരണയ്ക്കൊടുവില്‍ ഇന്നാണ് ചന്ദ്രശേഖരനെതിരെയായ കേസിലെ വിധി കോടതി പ്രസ്താവിച്ചത്.