Home Featured ചെന്നൈ– കോഴിക്കോട് കല്ലട ബസ് മറി​ഞ്ഞ് 2 മരണം

ചെന്നൈ– കോഴിക്കോട് കല്ലട ബസ് മറി​ഞ്ഞ് 2 മരണം

by jameema shabeer

ശ്രീകൃഷ്ണപുരം (പാലക്കാട്) ∙ ചെന്നൈയിൽ നിന്നു കോഴിക്കോട്ടേക്കു പോയ സ്വകാര്യ ബസ് മറിഞ്ഞു രണ്ടു പേർ മരിച്ചു. പൊന്നാനി സ്വദേശി സൈനബ ബീവി (38), കോഴിക്കോട് സ്വദേശിയും ബിബിഎ വിദ്യാർഥിയുമായ ഇഷാൻ (18) എന്നിവരാണു മരിച്ചത്. ഇന്നലെ രാവിലെ 7.45നു പാലക്കാട്–ചെർപ്പുളശ്ശേരി റോഡിൽ തിരുവാഴിയോട് ആണ് കല്ലട ഗ്രൂപ്പിന്റെ ബസ് അപകടത്തിൽപ്പെട്ടത്. ‌ ഇറക്കത്തിൽ, കുഴിയിൽ ചാടിയതിനെത്തുടർന്നു ബസ് നിയന്ത്രണം വിട്ടു റോഡ് വക്കത്തെ ബാങ്ക് കെട്ടിടത്തിന്റെ കൈവരിയും വൈദ്യുതി തൂണും തകർത്തു റോഡിലേക്കു മറിയുകയായിരുന്നു.

മുൻഭാഗത്തെ തകർന്ന ചില്ലു വഴിയും പിന്നിലെ എമർജൻസി വാതിലിലൂടെയുമാണു യാത്രക്കാരെ നാട്ടുകാർ പുറത്തെടുത്തത്. മരിച്ച രണ്ടു പേരും ബസിനടിയിൽ കുടുങ്ങിയവരാണ്. അര മണിക്കൂറിനു ശേഷം ക്രെയിൻ കൊണ്ടു വന്നു ബസ് ഉയർത്തിയാണ് ഇവരെ പുറത്തെടുത്തത്. ബസ് ഡ്രൈവർ തമിഴ്നാട് കാരൈക്കുടി സ്വദേശി സെയ്ദ് (42) കാലിനു സാരമായി പരുക്കേറ്റു പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസ് എടുത്തു.

പരുക്കേറ്റ 20 പേർ പാലക്കാട് ജില്ലാ ആശുപത്രിയിലും പെരിന്തൽമണ്ണ, കോയമ്പത്തൂർ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലുമായി ചികിത്സയിലാണ്. അപകടസമയത്തു ബസിൽ 30 പേരുണ്ടായിരുന്നു. മരിച്ച സൈനബ ബീവി കൊല്ലംപടി അബ്ദു റഹീമിന്റെ ഭാര്യയും എടയൂർ മണ്ണത്തുപറമ്പിലെ പരേതനായ വലിയാക്കതൊടി സൈതാലി കോയ തങ്ങളുടെ മകളുമാണ്. മക്കൾ : നഫീസത്ത് മിസരിയ, ഫാത്തിമ ബതൂൽ. ആയഞ്ചേരി, കാമിച്ചേരി കുരുട്ടീന്റവിട മൊയ്തുവിന്റെ മകൻ ഇഷാൻ ചെന്നൈ എസ്ആർഎം കോളജ് വിദ്യാർഥിയാണ്. അവധിക്കു വീട്ടിലേക്കു വരുന്ന വഴിയാണ് അപകടം.

You may also like

error: Content is protected !!
Join Our Whatsapp