ചെന്നൈ ∙ മഴക്കാലത്തിനു മുന്നോടിയായി നഗരത്തിലെ പഴക്കമേറിയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ കോർപറേഷൻ ഉദ്യോഗസ്ഥർക്കു മേയർ ആർ.പ്രിയ നിർദേശം നൽകി. പഴക്കമുള്ള സർക്കാർ, സ്വകാര്യ കെട്ടിടങ്ങൾ നിരീക്ഷിക്കാനും ആവശ്യപ്പെട്ടു. കെട്ടിടങ്ങൾ തകർന്നു വീണാൽ അതിന്റെ പഴി കോർപറേഷൻ കേൾക്കേണ്ടി വരുമെന്ന് ആർ.പ്രിയ ഓർമിപ്പിച്ചു.
ജോർജ്ടൗൺ, പെരമ്പൂർ എന്നിവിടങ്ങളിൽ പഴയ കെട്ടിടങ്ങൾ ഇടിഞ്ഞു വീണതിന്റെ പശ്ചാത്തലത്തിലാണു മേയറുടെ നിർദേശം. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലപ്പഴക്കമുള്ള ഒട്ടേറെ കെട്ടിടങ്ങളുണ്ട്. ബ്രോഡ്‌വേ പോലുള്ള തിരക്കേറിയ സ്ഥലങ്ങളിൽ ഇടുങ്ങിയ വഴികളോടു ചേർന്നുള്ള കെട്ടിടങ്ങൾ അപകട ഭീഷണി ഉയർത്തുന്നുണ്ട്.
റോഡരികിൽ ഏറെക്കാലമായി നിർത്തിയിട്ടിട്ടുള്ള വാഹനങ്ങൾ കോർപറേഷന്റെ നേതൃത്വത്തിൽ പിടിച്ചെടുക്കാൻ തുടങ്ങി. ശോച്യാവസ്ഥയിലുള്ളതും ഗതാഗത തടസ്സത്തിനു കാരണമാകുന്നതുമായ വാഹനങ്ങൾ നീക്കുന്നതിന്റെ ഭാഗമായാണു ചെന്നൈ പൊലീസിന്റെയും ട്രാഫിക് പൊലീസിന്റെയും സഹായത്തോടെ അവ പിടിച്ചെടുക്കുന്നത്.
വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് കോർപറേഷൻ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ചില ഉടമകളെത്തി വാഹനങ്ങൾ നീക്കിയിരുന്നു. ഉടമകൾക്ക് കോർപറേഷനിൽ പിഴ അടച്ച് വാഹനം തിരിച്ചെടുക്കാമെന്നും അല്ലാത്തപക്ഷം അവ ലേലം ചെയ്യുമെന്നും അധികൃതർ അറിയിച്ചു.