കുവൈത്ത് സിറ്റി: കുവൈത്തില്‍ ട്രാവല്‍ ഏജൻസി തടവിലാക്കിയിരുന്ന തമിഴ്‌നാട്ടില്‍നിന്നുള്ള 19 യുവാക്കളെ ഇന്ത്യൻ എംബസി രക്ഷപ്പെടുത്തി.
ഇവരെ വ്യാഴാഴ്ച ചെന്നൈ വിമാനത്താവളത്തില്‍ എത്തിച്ചു. വിമാനത്താവളത്തില്‍ തമിഴ്നാട് മന്ത്രി കെ. മസ്താനും ഉദ്യോഗസ്ഥരും ഇവര്‍ക്ക് സ്വീകരണം നല്‍കി. നരകയാതനയാണ് കുവൈത്തില്‍ തങ്ങള്‍ അനുഭവിച്ചതെന്നും ബന്ധനസ്ഥരാക്കി പീഡിപ്പിക്കുകയായിരുന്നുവെന്നും നാട്ടിലെത്തിയ യുവാക്കള്‍ പറഞ്ഞു.
സൗജന്യ താമസവും ഭക്ഷണവും ഉള്‍പ്പെടെ പ്രതിമാസ ശമ്ബളം 60,000 രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 2022 മേയിലാണ് 19 പേരെ കുവൈത്തിലേക്ക് കൊണ്ടുപോയത്. ഓരോരുത്തരും ട്രാവല്‍ ഏജൻസിക്ക് ഒരു ലക്ഷം രൂപ വീതം നല്‍കുകയും ചെയ്തിരുന്നു. അവിടെയെത്തിയപ്പോള്‍ പ്രതിമാസം 18,000 രൂപ മാത്രമെ ലഭിക്കൂവെന്നും താമസത്തിനും ഭക്ഷണത്തിനും പണം നല്‍കണമെന്നും അറിയിച്ചു. മാത്രമല്ല യുവാക്കളോട് കൂടുതല്‍ സമയം ജോലി ചെയ്യാൻ നിര്‍ബന്ധിക്കുകയും ചെയ്തു.
കരാര്‍ റദ്ദാക്കി തങ്ങളെ വിട്ടയക്കണമെന്ന് യുവാക്കള്‍ ഏജൻസിയോട് ആവശ്യപ്പെട്ടപ്പോള്‍ 60,000 രൂപ വീതം നല്‍കിയാലേ വിട്ടയക്കാനാകൂവെന്ന് ഏജൻസി പറഞ്ഞു. ഈ വര്‍ഷം ജൂണില്‍ വിസയുടെ കാലാവധി കഴിഞ്ഞെന്നും വിസ പുതുക്കാൻ 1,25,000 രൂപ വീതം നല്‍കാനും യുവാക്കളോട് ആവശ്യപ്പെട്ടതോടെ നിസ്സഹായരായ യുവാക്കള്‍ മറ്റു വഴിയില്ലാതെ ഇന്ത്യൻ എംബസിയെ ബന്ധപ്പെടുകയായിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിഷയത്തില്‍ ഇടപെടുകയും 19 യുവാക്കളുടെ മോചനത്തിനായി കുവൈത്തിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുകയും ചെയ്തു.