ചെന്നൈ: മദ്യം നല്‍കാത്തതിനെ തുടര്‍ന്ന് മദ്യവില്പനശാലയ്‌ക്ക് തീയിട്ട് യുവാവ്. വിശാഖപ്പട്ടണത്തിലെ മദുരവാഡ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ശനിയാഴ്ച ഷോപ്പ് അടയ്‌ക്കുന്ന സമയത്താണ് മധു എന്നയാള്‍ വന്നതും മദ്യം ആവശ്യപ്പെട്ടതും. എന്നാല്‍, കട അടയ്‌ക്കാൻ പോകുന്നതിനാല്‍ ഇനി മദ്യം നല്‍കാൻ പറ്റില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. ഇതില്‍ പ്രകോപിതനായാണ് കടയ്‌ക്ക് തീയിട്ടത്.
മദ്യം നല്‍കില്ലെന്ന് പറഞ്ഞതോടെ ജീവനക്കാരനോട് തട്ടികയറുകയായിരുന്നു. ജീവനക്കാര്‍ താക്കീത് നല്‍കിയതോടെ ഇയാള്‍ ഷോപ്പില്‍ നിന്ന് മടങ്ങിപ്പോയി. തുടര്‍ന്ന്, ഞായറാഴ്ച വൈകീട്ടോടെ ഷോപ്പിലേക്ക് മടങ്ങിയെത്തിയ മധു കൈയില്‍ കരുതിയ പെട്രോള്‍ ഷോപ്പിനുള്ളിലേക്ക് ഒഴിക്കുകയും തീയിടുകയുമായിരുന്നു. ജീവനക്കാരുടെ ശരീരത്തിലേക്കും ഇയാള്‍ പെട്രോള്‍ ഒഴിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് യുവാവിനെ പോലീസ് പിടികൂടി.
ജീവനക്കാര്‍ ഷോപ്പില്‍ നിന്നും ഇറങ്ങി ഓടിയതിനാല്‍ വൻ അപകടമായിരുന്നു ഒഴിവായത്. ഒന്നര ലക്ഷം രൂപ വില വരുന്ന വസ്തുക്കളാണ് അഗ്നിക്കിരയായത്. വിവിധ വകുപ്പുകള്‍ ചേര്‍ത്ത് പ്രതിയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.