തമിഴ്നാട്ടില്‍ കൂട്ടിലടച്ചു വളര്‍ത്തിയിരുന്ന 200ഓളം തത്തകളെ കാട്ടില്‍ തുറന്നുവിട്ടു. രാമനാഥപുരം ജില്ലയിലെ മേയംപുലി ഗ്രാമത്തിലാണ് വന്യജീവി സംരക്ഷണ നിയമത്തിന് എതിരായി വീടുകളില്‍ തത്തകളെ വളര്‍ത്തിയിരുന്നത്.
ഇതിനെതിരെയുള്ള നടപടികളുടെ ഭാഗമായാണ് പക്ഷികളെ തുറന്ന് വിട്ടത്. ജൂണ്‍ മാസത്തിലാണ് ഇത് സംബന്ധിക്കുന്ന ഉത്തരവ് പുറപ്പെടുവിച്ചത്. പക്ഷികളെ സ്വമേധയാ ജനങ്ങള്‍ തങ്ങളെ ഏല്‍പ്പിക്കണം എന്നും അവയെ കാടുകളിലേക്ക് തുറന്നു വിടും എന്നും അധികൃതര്‍ അറിയിച്ചിരുന്നു.
ഇതിനെ തുടര്‍ന്നാണ് മേയംപുലിയിലെ നാട്ടുകാര്‍ വീടുകളില്‍ വളര്‍ത്തിയിരുന്ന തത്തകളെ അധികൃതര്‍ക്ക് കൈമാറിയത്. വീടുകളില്‍ വളര്‍ത്തിയിരുന്നതിനാല്‍ പല തത്തകളുടെയും ചിറകുകള് വെട്ടിയിട്ടുണ്ടായിരുന്നു. അതിനാല്‍ ചിറകുകള് മുളയ്ക്കും വരെ അവയെ സംരക്ഷിച്ചിരുന്നു. തുടര്‍ന്ന് ചിറകുകള് മുളച്ച ശേഷം 200ഓളം തത്തകളെ ജില്ലാ കളക്ടര്‍ ബി വിഷ്ണു ചന്ദ്രന്റെയും ഫോറസ്ററ് ഓഫീസര്‍ എസ്. ഹേമലതയുടെയും നേതൃത്വത്തില്‍ കാട്ടിലേക്ക് തുറന്നു വിട്ടത്.
ജൂണില്‍ ഉത്തരവ് പുറപ്പെടുവിച്ച ശേഷം ജനങ്ങളോട് പക്ഷികളെ ഏല്‍പ്പിക്കാൻ ആവശ്യപ്പെട്ടതിന്റെ ഭാഗമായി 18 തത്തകളെ ജൂലൈയില്‍ ഈ രീതിയില്‍ കാട്ടില്‍ തുറന്നു വിട്ടിരുന്നു. അതിന് മുമ്ബ് 10 തത്തകളെയാണ് സ്വതന്ത്രരാക്കിയത്. ആകെ 220 ഓളം തത്തകളെ ഈ പദ്ധതിയുടെ ഭാഗമായി ഇതുവരെ അനധികൃത തടവില്‍ നിന്നും സ്വതന്ത്രരാക്കി.
” തത്തകള്‍, ഗ്രേ ഫ്രാൻകോളിൻ, മൈന, പനാഗ്, കടായി, പഞ്ചവര്ണ പുര, നീല തത്ത തുടങ്ങി വ്യത്യസ്ത ഇനം പക്ഷികളെ ഇങ്ങനെ വീടുകളില്‍ വളര്‍ത്തുന്നത് 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം കുറ്റകരമാണ്. പക്ഷികളെ സ്വാതന്ത്രരാക്കാനുള്ള ഈ പദ്ധതിയുടെ ഭാഗമാകാനായി സ്വമേധയാ മുന്നോട്ട് വന്ന ജനങ്ങളുടെ നിലപാട് അഭിനന്ദനാര്‍ഹമാണ് ” ദി ഇന്ത്യൻ ന്യൂ എക്സ്പ്രസ്സിന് നല്കിയ അഭിമുഖത്തില്‍ രാമനാഥപുരം ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ എസ് ഹേമലത പറഞ്ഞു.