ചെന്നൈ: ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് പ്രഖ്യാപിച്ച പ്രത്യേക തീവണ്ടി സര്‍വീസുകളെക്കുറിച്ച് അറിയിപ്പ് വന്നപ്പോഴേക്കും ഇവയിലെ ടിക്കറ്റ് തീര്‍ന്നു. ക്രിസ്മസ് അവധിയോടനുബന്ധിച്ച് പ്രഖ്യാപിച്ച പ്രത്യേക ട്രെയിനുകളിലാണ് അറിയിപ്പ് വരും മുന്നേ ടിക്കറ്റുകളെല്ലാം വിറ്റു തീര്‍ന്നത്. ഔദ്യോഗികമായി അറിയിപ്പ് വരുന്നതിനുമുമ്ബ് ബുക്കിങ് ആരംഭിക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
വെള്ളിയാഴ്ച പുറപ്പെട്ട എഗ്മോര്‍-കൊല്ലം പ്രത്യേക വണ്ടിയുടെ (06127/06128) അറിയിപ്പ് പുറത്തിറക്കിയത് വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു. എന്നാല്‍, വ്യാഴാഴ്ച രാവിലെ ഒമ്ബതോടെത്തന്നെ ടിക്കറ്റ് തീര്‍ന്നിരുന്നു. വെള്ളിയാഴ്ച പ്രഖ്യാപിച്ച താംബരം-കൊല്ലം(06119/06120), താംബരം-മംഗളൂരു(06129/06130) പ്രത്യേക വണ്ടികളിലും റിസര്‍വേഷൻ തീര്‍ന്നതിനുശേഷമാണ് അറിയിപ്പ് വന്നത്.
റെയില്‍വേയുടെ അറിയിപ്പു വരും മുന്നേ ഏജൻസികള്‍ വഴി ബുക്കിങ് നടക്കുകയാണ്. സാധാരണയാത്രക്കാര്‍ വിവരമറിയുന്നതിനുമുമ്ബ് ഏജൻസികളില്‍ ബുക്കിങ് നടക്കുന്നുവെന്നും ഇവര്‍ക്ക് മുൻകൂട്ടി വിവരം ലഭിക്കുന്നുവെന്നുമാണ് സംശയം. ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ച താംബരം-കൊല്ലം വണ്ടിയുടെ (06119) അറിയിപ്പുണ്ടായത് ആദ്യ സര്‍വീസ് പുറപ്പെടുന്നതിന് 24 മണിക്കൂര്‍പോലും ബാക്കിയില്ലാത്തപ്പോഴായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 1.30-ന് പുറപ്പെടുമെന്ന അറിയിപ്പുണ്ടായത് വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം മൂന്നോടെയാണ്. അപ്പോഴേക്കും ടിക്കറ്റുകള്‍ തീര്‍ന്നു.
ഉത്സവകാലങ്ങളില്‍ പ്രത്യേക തീവണ്ടികള്‍ക്കായി യാത്രക്കാര്‍ കാത്തിരിക്കും. എന്നാല്‍, യഥാസമയം അറിയിപ്പ് ലഭിക്കാത്തതിനാല്‍ ഈ സര്‍വീസുകള്‍കൊണ്ട് സാധാരണയാത്രക്കാര്‍ക്ക് പ്രയോജനമുണ്ടാകുന്നില്ല. റിസര്‍വേഷൻ ആരംഭിക്കുന്നതിന് ഒരുദിവസം മുമ്ബെങ്കിലും അറിയിപ്പു നല്‍കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.