ചെന്നൈ: തമിഴ്നാട്ടില്‍ വാതക ചോര്‍ച്ച.അമോണിയ വാതകം ശ്വസിച്ച 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നൂരില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വളം നിര്‍മാണ കമ്ബനിയായ ‘കോറമാണ്ടല്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡിലാണ് സംഭവം. അര്‍ധരാത്രി ഒരു മണിയോടെയാണ് വാതക ചോര്‍ച്ചയുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
കമ്ബനിയുടെ പൈപ്പ് ലൈനില്‍ നിന്ന് അമോണിയ വാതകം ചോരുകയായിരുന്നു. പൈപ്പ് ലൈനിന്റെ പ്രീ കൂളിംഗ് പ്രവര്‍ത്തനത്തിനിടെയാണ് വാതക ചോര്‍ച്ചയുണ്ടായത്. ഇതോടെ പെരിയക്കുപ്പം, ചിന്നക്കുപ്പം ഗ്രാമങ്ങളിലെ ജനങ്ങള്‍ പരിഭ്രാന്തരായി.
പൊലീസും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തി ഗ്രാമീണരെ മറ്റ് സുരക്ഷാ സ്ഥലങ്ങളിലേക്ക് മാറ്റി. ശ്വാസതടസ്സവും ശാരീരികാസ്വാസ്ഥ്യവും അനുഭവപ്പെട്ട 12 പേരെ സ്റ്റാൻലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇവരുടെ നില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു. രാത്രിയില്‍ തന്നെ കമ്ബനി വാതക ചോര്‍ച്ച നിയന്ത്രണവിധേയമാക്കിയെന്നും ആശങ്കയുടെ ആവശ്യമില്ലെന്നും പൊലീസ് വ്യക്തമാക്കി.