ചെന്നൈ: തെങ്കാശിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ക്ക് ദാരുണാന്ത്യം. വിനോദയാത്രാ സംഘം സഞ്ചരിച്ച കാറും കേരളത്തിലേക്ക് സിമന്റ് കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.തെങ്കാശി പുളിയാങ്കുടി സ്വദേശികളായ കാര്‍ത്തിക്, വേല്, സുബ്രഹ്മണ്യന്, മനോജ്, മനോഹരന്, മുതിരാജ് എന്നിവരാണ് മരിച്ചത്.
കുറ്റാലം വെള്ളച്ചാട്ടം സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു സംഘം. ഇതിനിടെയാണ് അപകടത്തില്‍പെട്ടത്. രാവിലെ മൂന്ന് മണിയോടെയാണ് സംഭവം. ആറ് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ കാര്‍ ലോറിയുടെ അടിയിലേക്ക് കയറിപ്പോയി.
പൂര്‍ണമായും തകര്‍ന്ന കാര്‍ ജെസിബി ഉപയോഗിച്ച് വെട്ടിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ശനിയാഴ്ച (27.01.2024) രാത്രി കുറ്റലത്ത് എത്തിയ ഇവര്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.
തെങ്കാശി ജില്ലയിലെ തിരുമംഗലം-കൊല്ലം ദേശീയപാതീയില്‍ സിങ്കംപട്ടി എന്ന സ്ഥലത്ത് വെച്ചാണ് അപകടം നടന്നത്. മൃതദേഹങ്ങള്‍ തിരുനെല്‍വേലി മെഡികല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആറ് പേരും സുഹൃത്തുക്കളാണ്.