ചെന്നൈ: തമിഴ്നാട് ഗവർണർ ആർ.എൻ. രവിയുടെ പരിപാടിയിൽ പങ്കെടുക്കാത്ത വിദ്യാർഥികളെ പരീക്ഷയെഴുതാൻ അനുവദിക്കില്ലെന്ന് പ്രിൻസിപ്പൽ. നാഗപട്ടണത്തുള്ള സ്വകാര്യ നഴ്‌സിങ് കോളേജിലെ പ്രിൻസിപ്പലാണ് ഭീഷണി മുഴക്കിയത്.
ഇവിടെ കഴിഞ്ഞദിവസംനടന്ന ചടങ്ങിൽ ഗവർണർ പങ്കെടുക്കുന്നതിനാൽ രാവിലെ 6.30-ന് വിദ്യാർഥികളെത്തണമെന്ന് പ്രിൻസിപ്പൽ നിർദേശം നൽകിയിരുന്നു.
പങ്കെടുക്കാതിരുന്നാൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി. എന്നാൽ വിദ്യാർഥികളിൽ മിക്കവരും പങ്കെടുത്തില്ല. തുടർന്നാണ് പരീക്ഷയെഴുതാൻ അനുവദിക്കില്ലെന്ന ഭീഷണി മുഴക്കിയത്.
പ്രിൻസിപ്പലിന്റെ നടപടിയെക്കുറിച്ച് അറിയില്ലെന്നാണ് കോളേജ് ഉടമ കാർത്തികേയന്റെ പ്രതികരണം. വിദ്യാർഥികളെ പരീക്ഷയെഴുതാൻ അനുവദിക്കാതിരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.