ചെന്നൈ: ചെന്നൈയില്‍ സിനിമാ നിര്‍മാതാവിനെ കൊന്ന് പൊളിത്തീന്‍ ബാഗിലാക്കി വഴിവക്കില്‍ തള്ളിയ സംഭവത്തിന് പിന്നില്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്ന് പൊലീസ്.
സംഭവുമായി ബന്ധപ്പെട്ട് കൊല നടത്തിയ വിരുമ്ബാക്കം സ്വദേശി ഗണേശനെ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് കൊലയ്ക്ക് പിന്നിലെ പെണ്‍വാണിഭ ബന്ധം പുറത്തായത്. യുവ നടിമാരെ ഉപയോഗിച്ചുള്ള പെണ്‍വാണിഭവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയാണ് നഗരത്തിലെ കൂവം നദിക്കരയില്‍ പാതയോരത്ത് സിനിമാ നിര്‍മാതാവും വ്യവസായിയുമായ ഭാസ്കരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പെണ്‍വാണിഭ ഏജന്റായ ഇയാളും ഭാസ്കരനും തമ്മില്‍ സ്ത്രീകളെ എത്തിച്ചു നല്‍കുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സ്ത്രീകളെ എത്തിക്കാന്‍ വൈകിയതിന് പ്രകോപിതനായ ഭാസ്കരനെ അടിച്ചുകൊല്ലുകയായിരുന്നുവെന്ന് ഗണേശന് പൊലീസിനോട് സമ്മതിച്ചു. വര്‍ഷങ്ങളായി കസ്റ്റമറായിരുന്ന ഭാസ്കരന് ഗണേശന് സ്ഥിരമായി സ്ത്രീകളേയും പെണ്‍കുട്ടികളേയും എത്തിച്ച് നല്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പുതിയതായി സിനിമാ രംഗത്ത് എത്തുന്ന സഹനടിമാരെ ഉപയോഗിച്ചാണ് ഇയാള്‍ പെണ്‍വാണിഭം നടത്തിവന്നത്. ഇക്കഴിഞ്ഞ രണ്ടാം തീയതി ഇയാള്‍ ഭാസ്കരന് രണ്ട് പെണ്‍കുട്ടികളെ എത്തിച്ച് നല്‍കാമെന്ന് അറിയിച്ചു. ഇതനുസരിച്ച് ഗണേശന്റെ വീട്ടില്‍ ഭാസ്കരന് എത്തിയെങ്കിലും പെണ്‍കുട്ടികള്‍ വരാന്‍ വൈകി. ഇതേത്തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമായി. പിടിവലിക്കിടയില്‍ അടി കൊണ്ട് താഴെ വീണ ഭാസ്കരന് ബോധരഹിതനായി. കലിയടങ്ങാതെ കമ്ബിവടി കൊണ്ട് തലയക്കടിച്ചും കഴുത്തുഞെരിച്ചും ഗണേശന് ഭാസ്കരനെ കൊലപ്പെടുത്തി. വൈകുന്നേരം ഏഴരയോടെ ആയിരുന്നു കൊലപാതകം. രാത്രി രണ്ടരയോടടുത്ത് മൃതദേഹം പ്ലാസ്റ്റിക് കവറില്‍ കെട്ടി ഇരുചക്രവാഹനത്തില്‍ കയറ്റി കൂവം നദിയോരത്തെ വഴിവക്കില്‍ തള്ളിയെന്നും ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.
രാത്രി വൈകിയും ഭാസ്കരന് വീട്ടിലെത്താത്തതുകൊണ്ട് മകന് കാര്‍തിക് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിറ്റേന്ന് ശുചീകരണ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. കൊലയ്ക്ക് ഉപയോഗിച്ച കമ്ബിവടിയും മൃതദേഹം കൊണ്ടുവന്ന് തള്ളിയ ബൈക്കും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കൊലപാതകത്തിനും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനും ഗണേശന് മറ്റാരുടെയെങ്കിലും സഹായം കിട്ടിയോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.