ചെന്നൈ: 10 ഭരണപക്ഷ എം.എല്‍.എമാര്‍ തന്നോട് ചര്‍ച്ച നടത്തി എന്ന എ.ഐ.എ.ഡി.എം.കെ ഇടക്കാല ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ പ്രസ്താവനക്ക് മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്.
തമിഴ്നാടിനെ എല്ലാവിധത്തിലും മുന്‍പന്തിയില്‍ എത്തിക്കാന്‍ ശ്രമിക്കുമ്ബോഴാണ് പളനിസ്വാമി ഇത്തരം തമാശയുമായി രംഗത്തുവരുന്നതെന്ന് സ്റ്റാലിന് പറഞ്ഞു. എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാര്‍ തന്നെ അദ്ദേഹത്തോട് സംസാരിക്കാത്തപ്പോഴാണ് ഡി.എം.കെ എം.എല്‍.എമാരെക്കുറിച്ച് ഇത്തരത്തിലുള്ള പ്രചരണം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. വാണിജ്യനികുതി മന്ത്രി പി. മൂര്‍ത്തിയുടെ മകന്റെ വിവാഹ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജയലളിതയുടെ മരണത്തിനുശേഷം എ.ഐ.എ.ഡി.എം.കെ എല്ലാ തെരഞ്ഞെടുപ്പിലും പരാജയപ്പെടുകയായിരുന്നു. ഇന്ന് പാര്‍ട്ടിയെ രണ്ട് വ്യത്യസ്ത ഗ്രൂപ്പുകളാണ് നയിക്കുന്നത്, ഇ.പി.എസ് ഉം ഒ.പി.എസ് ഉം. എ.ഐ.എ.ഡി.എം.കെയിലെ പളനിസ്വാമിയുടെ അധ്യക്ഷ സ്ഥാനം താല്കാലികം മാത്രമാണ്. തന്റെ പാര്‍ട്ടിയില്‍തന്നെ താല്‍ക്കാലിക ജോലിയുള്ള ഒരാള്‍ക്ക് എങ്ങനെ മറ്റൊരു പാര്‍ട്ടിയെ വിമര്‍ശിക്കാന്‍ കഴിയും?’ -സ്റ്റാലിന് ചോദിച്ചു. ഇത്തരം പ്രസ്താവനകളില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് പ്രവര്‍ത്തകരോട് പറഞ്ഞ സ്റ്റാലിന് നമ്മളെ തെരഞ്ഞെടുത്തിരിക്കുന്നത് നല്ലത് ചെയ്യാനാണെന്നും അതിനായി ശ്രദ്ധ കേന്ദ്രീകരിക്കാം എന്നും പറഞ്ഞു.
നേരത്തെ ഡി.എം.കെയെ കോര്‍പറേറ്റ് കമ്ബനി എന്നും കുടുംബപാര്‍ട്ടി എന്നും വിശേഷിപ്പിച്ച എടപ്പാടി പളനിസ്വാമി ഡി.എം.കെയിലെ 10 എം.എല്‍.എമാര്‍ തന്നോട് ചര്‍ച്ചനടത്തി എന്ന് അവകാശപ്പെട്ടിരുന്നു.