ചെന്നൈ: () ആത്മഹത്യയ്‌ക്കെതിരെ കുറിപ്പിട്ട വസ്ത്രാലങ്കാര വിദഗ്ധയും എഴുത്തുകാരിയുമായ തൂരിഗെയുടെ (29) മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രമുഖ തമിഴ് ഗാനരചയിതാവ് കബിലന്റെ മകളാണ്. അരുമ്ബാക്കത്തെ വീട്ടില്‍ ഞായറാഴ്ചയാണ് തൂരിഗെയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കളുമായി വഴക്കിട്ടതായി സൂചനയുണ്ട്.
എന്നാല്‍ മറ്റെന്തെങ്കിലും കാരണങ്ങള്‍ മരണത്തിലേക്കു നയിച്ചോയെന്നും അരുമ്ബാക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. രാവിലെ വീട്ടുകാരാണു മുറിയില്‍ തൂങ്ങിയ നിലയില്‍ തൂരിഗെയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കില്‍പോക് മെഡികല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
എംബിഎ ബിരുദധാരിയായ തൂരിഗെ നിരവധി സിനിമകള്‍ക്കു വസ്ത്രാലങ്കാരം നിര്‍വഹിച്ചിട്ടുണ്ട്. യുവ നടന്‍മാരുടെ ഫാഷന്‍ കണ്‍സള്‍ടന്റുമാണ്. വനിതകള്‍ക്കായി ഡിജിറ്റല്‍ മാഗസിന്‍ നടത്തിയിരുന്ന തൂരിഗെയുടെ മരണത്തില്‍ ഞെട്ടിയിരിക്കുകയാണു തമിഴ് സിനിമാ ലോകം.
2020 ഡിസംബറില്‍ ആത്മഹത്യ ചെയ്യുന്നതിനെതിരെയും പെണ്‍കുട്ടികള്‍ എന്നും ശക്തരായി നില്‍ക്കണമെന്നും അഭിപ്രായപ്പെട്ട് തൂരിഗെ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിന്റെ ഫോടോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചാണ് സുഹൃത്തും തമിഴ് നടിയുമായ ശരണ്യ തന്റെ ഞെട്ടല്‍ രേഖപ്പെടുത്തിയത്.
തൂരിഗെ വളരെ ധൈര്യമുള്ള പെണ്‍കുട്ടിയായിരുന്നു. പ്രിയപ്പെട്ടവരില്‍നിന്നു സ്‌നേഹം ലഭിക്കാതിരുന്നതാണ് അവളെ തളര്‍ത്തിയതെന്നും ശരണ്യ പറയുന്നു. ഡിപ്രഷനാണ് അവളെ കൊന്നതെന്നും ശരണ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.