ചെന്നൈ: തമിഴ്നാട്ടില്‍ പാര്‍സല്‍ വാങ്ങിയ ഭക്ഷണത്തില്‍ നിന്ന് എലിയുടെ തല കിട്ടിയെന്ന് പരാതി. തിരുവണ്ണാമലൈ അരണി ബസ്റ്റോപ്പിന് സമീപത്തെ വെജിറ്റേറിയന്‍ റെസ്റ്റോറന്‍റില്‍ നിന്നും വാങ്ങിയ ഭക്ഷണത്തിലാണ് എലിയുടെ തല കണ്ടെത്തിയത്. ഗാന്ധിനഗര്‍ സ്വദേശിയായ ആര്‍. മുരളിയാണ് വെജിറ്റേറിയന്‍ റെസ്റ്റോറന്‍റിനെതിരെ പരാതി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.
ഞാറാഴ്ച ഉച്ചക്ക്ശേഷം മരണാനന്തരചടങ്ങുകള്‍ക്ക് എത്തിയവര്‍ക്കായി വെജിറ്റേറിയന്‍ കടയില്‍ നിന്നും 35പാര്‍സല്‍ ഭക്ഷണം മുരളി ഓഡര്‍ ചെയ്യുകയായിരുന്നു. ഒരു അതിഥി പാര്‍സല്‍ തുറന്നപ്പോള്‍ ബീട്ട്രൂട്ട് ഫൈയില്‍ എലിയുടെ തലയെന്ന് സംശയിക്കുന്ന മാംസകഷ്ണം കണ്ടു. മുരളിയും കുടുംബാഗങ്ങളും റെസ്റ്റോറന്‍റിലെത്തി അന്വേഷിച്ചപ്പോള്‍ ഭക്ഷണം പാര്‍സല്‍ ചെയ്യുന്ന സമയത്ത് ഇത് ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു. തുടര്‍ന്ന് മുരളി അരണി ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
റെസ്റ്റോറന്‍റില്‍ നിന്നും ഭക്ഷണംകഴിക്കുമ്ബോഴാണ് ഭക്ഷണത്തില്‍ നിന്ന് എലിയുടെ തലയെന്ന് സംശയിക്കുന്ന മാംസകഷ്ണം കണ്ടിരുന്നതെങ്കില്‍ പരാതിക്കാരന്‍റെ ആരോപണത്തിന് സാധുതയുണ്ടെന്നും എന്നാല്‍ പാര്‍സല്‍ വാങ്ങി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇയാള്‍ പരാതിയുമായി വന്നതെന്നും ഹോട്ടല്‍ അധികൃതര്‍ പറയുന്നു.
സംഭവം കെട്ടിച്ചമച്ചതാണെന്ന് ഹോട്ടല്‍ മാനേജ്മെന്‍റ് സംശയിക്കുന്നതായും ഭക്ഷണത്തിന്‍റെ സാംപിള്‍ പരിശോധനക്കയച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ശബ്ദമലീനീകരണം; ഹൈദരാബാദിലെ പബുകള്‍ക്ക് നിയന്ത്രണവുമായി ഹൈകോടതി
ഹൈദരാബാദ്: ഹൈദരാബാദിലെ പബുകളില്‍ രാത്രി 10ന് ശേഷം ഉച്ച ഭാഷിണിയിലൂടെ പാട്ടുവെക്കരുതെന്ന് തെലങ്കാന ഹൈകോടതി. രാത്രിയില്‍ പബുകളില്‍ ഉയര്‍ന്ന ശബ്ദത്തില്‍ പാട്ടുവെക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കവെയാണ് ഹൈകോടതിയുടെ നിര്‍ദേശം.
എങ്ങനെയാണ് ജനവാസകേന്ദ്രങ്ങളിലും സ്കൂളുകള്‍ക്കടുത്തും പബുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതെന്നും കോടതി ചോദിച്ചു. ഹരജികള്‍ക്ക് മറുപടിനല്‍കാന്‍ എക്സൈസ് വകുപ്പിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രാത്രി 10 മുതല്‍ പുലര്‍ച്ചെ ആറുവരെ പബുകളില്‍ ശബ്ദസംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന് ഹൈകോടതിയുടെ ഇടക്കാല ഉത്തരവിലുണ്ട്. വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് ഹൈദരാബാദ്, സൈബരാബാദ്, രചകൊണ്ട കമ്മീഷണര്‍മാര്‍ക്കും ഹൈകോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
സിറ്റി പൊലീസ് ആക്‌ട്, നോയിസ് പൊലൂഷന്‍ റെഗുലേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ ആക്‌ട് എന്നിവ പ്രകാരം നഗരത്തിലെ പബുകളില്‍ രാത്രി 10 വരെ മാത്രമേ ഉച്ചഭാഷിണിയിലൂടെ പാട്ടുവെക്കാന്‍ അനുവാദമുള്ളൂ. കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ ശബ്ദമലിനീകരണം തടയുന്നതിനായി നിരവധി പദ്ധതികള്‍ ഹൈദരബാദ് പൊലീസ് ആവിഷ്കരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.