ചെന്നൈ : റോഡരികില്‍ പ്രസവവേദനയില്‍ പിടഞ്ഞ ഭിക്ഷാടകയ്‌ക്ക് സഹായവുമായെത്തിയത് രാജകുമാരി. വെല്ലൂര്‍ സൗത്ത് പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രാജകുമാരിയാണ് തക്കസമയത്ത് യുവതിയെ സഹായിക്കാന്‍ എത്തിയത്.
തുടര്‍ന്ന് അവിടെ വെച്ച് തന്നെ പ്രസവമെടുത്തു. സോഷ്യല്‍ മീഡിയയില്‍ അഭിനന്ദപ്രവാഹമാണ് രാജകുമാരിക്ക് ലഭിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. പുലര്‍ച്ചെ ജോലിക്ക് പ്രവേശിക്കാന്‍ എത്തിയതായിരുന്നു രാജകുമാരി. പെട്ടെന്നാണ് ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടത്. പുറത്ത് തുണിക്കടയ്‌ക്കരികില്‍ പോയി നോക്കിയപ്പോള്‍ ഒരു ഭിക്ഷാടകയായ സ്ത്രീ പ്രസവവേദനയാല്‍ ബുദ്ധിമുട്ടുന്നത് കണ്ടു. ആറ് വയസുള്ള ഒരു ആണ്‍കുട്ടിയും അവള്‍ക്കരികില്‍ ഉണ്ടായിരുന്നു.
ഇത് കണ്ടയുടന്‍ രാജകുമാരി സ്റ്റേഷനിലേക്ക് ഓടി സബ് ഇന്‍സ്പെക്ടര്‍ പത്മനാഭനെയും വനിതാ കോണ്‍സ്റ്റബിള്‍ ശാന്തിയെയും സഹായത്തിനായി ഒപ്പംകൂട്ടി. തുടര്‍ന്ന് മൂന്ന് പേരും ചേര്‍ന്ന് യുവതിയുടെ പ്രസവമെടുത്തു. യുവതിക്ക് പെണ്‍കുഞ്ഞാണ് പിറന്നത്.
അമ്മയെയും നവജാത ശിശുവിനെയും ആംബുലന്‍സില്‍ കയറ്റി സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. വിവാഹ ശേഷം ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതാണ് യുവതിയെ. ജീവിക്കാന്‍ വേറെ മാര്‍ഗമില്ലാത്തത് കാരണമാണ് ഭിക്ഷാടനത്തിന് ഇറങ്ങിയത് എന്നും യുവതി പറഞ്ഞു. അമ്മയ്‌ക്കും കുഞ്ഞിനും ആവശ്യമായ സാധനങ്ങള്‍ വാങ്ങി നല്‍കിയാണ് രാജകുമാരി അവിടെ നിന്നും പോയത്.