ചെന്നൈ: തമിഴ്നാട്ടില്‍ ആര്.എസ്.എസ് നേതാവിന്റെ വീടിനുനേരെ അജ്ഞാതസംഘം പെട്രോള്‍ ബോംബെറിഞ്ഞു. ചെന്നൈയ്ക്കടുത്ത് തമ്ബാരത്താണ് സംഭവം. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് മൂന്നാമത്തെ സംഭവമാണിതെന്ന് പൊലീസ് പറഞ്ഞു.
ആര്.എസ്.എസ് ജില്ലാ കോഓഡിനേറ്ററായ സീതാരാമന്റെ വസതിക്കുനേരെയാണ് കഴിഞ്ഞ ദിവസം രാത്രി ആക്രമണമുണ്ടായത്. ഉഗ്രശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തേക്ക് ഒാടിയെത്തിയപ്പോള്‍ തീ ആളിക്കത്തുന്നതാണ് കണ്ടത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകുമെന്നാണ് ആദ്യം കരുതിയത്. പൊലീസ് സ്ഥലത്തെത്തി സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചു. അക്രമികളുടെ വിഡിയോ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
കോയമ്ബത്തൂരിലെ കോവൈപുദൂരിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവിടത്തെ പ്രാദേശിക ആര്.എസ്.എസ് നേതാവിന്റെ വീടിനുനേരെയായിരുന്നു ആക്രമണം നടന്നത്. സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. തമിഴ്നാട്ടില്‍ തന്നെ കുനിയമുത്തൂരിലും ഒരു ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറുണ്ടായിരുന്നു. ആക്രമണത്തില്‍ വീടിനു പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനു കേടുപാടുകള്‍ സംഭവിച്ചു. ബി.ജെ.പി ഓഫിസുകള്‍ക്കുനേരെ ആക്രമണമുണ്ടായതായും ആരോപണമുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോപുലര്‍ ഫ്രണ്ട് ഓഫിസുകളും നേതാക്കന്മാരുടെ വസതികളിലും നടന്ന റെയ്ഡിനു പിന്നാലെയാണ് ആക്രമണങ്ങള്‍ നടന്നതെന്ന് ബി.ജെ.പി നേതാവ് നന്ദകുമാര്‍ ആരോപിച്ചു. മണ്ണെണ്ണ നിറച്ച ബോട്ടില്‍ ബോംബുകള്‍ കൊണ്ടാണ് ബി.ജെ.പി ഓഫിസുകള്‍ക്കുനേരെ ആക്രമണമുണ്ടായതെന്ന് തമിഴ്നാട് ഘടകം ബി.ജെ.പി കിസാന്‍ മോര്‍ച്ച അധ്യക്ഷന്‍ പറഞ്ഞു.