ചെന്നൈ: തമിഴ്‌നാട്ടില്‍ ഇനി എകെ സ്റ്റാലിന് തല്‍കാല ഭീഷണിയൊന്നുമില്ല. ഡിഎംകെയുടെ എതിരാളികളായ എഐഎഡിഎംകെ അടിച്ചു തീരുകയാണ്. ജയലളിതയുടെ മരണത്തോടെ ആ പാര്‍ട്ടി ചിന്നഭിന്നമായി. പലതവണ മാറ്റിയെഴുതിയ തിരക്കഥയ്‌ക്കൊടുവില്‍ ചേര്‍ന്ന എ.ഐ.എ.ഡി.എം.കെ. ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍നിന്ന് പാര്‍ട്ടി കോ-ഓര്‍ഡിനേറ്റര്‍ ഒ. പനീര്‍ശെല്‍വം ഇറങ്ങിപ്പോയി. ഇതോടെ പിളര്‍പ്പ് അനിവാര്യതയായി. ആ പാര്‍ട്ടിക്ക് ഇനി തമിഴകത്ത് നേട്ടമുണ്ടാക്കാനാകില്ല. രജനികാന്തും കമല്‍ഹാസനും രാഷ്ട്രീയ പരീക്ഷണത്തിന് ഇറങ്ങിയെങ്കിലും അതും പാളി. അതുകൊണ്ട് തന്നെ സ്റ്റാലിന്റെ രാഷ്ട്രീയ എതിരാളിയായി തലയെടുപ്പുള്ള ആരും തമിഴകത്തില്ല.
ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയുടെ യോഗങ്ങളില്‍ വലിയ ആള്‍ക്കൂട്ടമാണ്. എന്നാല്‍ ദ്രാവിഡ രാഷ്ട്രീയം നിറയുന്ന തമിഴ്‌നാട്ടില്‍ ബിജെപിയുടെ ഹിന്ദുത്വ അജണ്ടയ്ക്ക് സ്ഥാനമുണ്ടാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പാണ് ഇനി തമിഴകത്തെ പ്രധാന തെരഞ്ഞെടുപ്പ്. അതില്‍ മാത്രമേ സ്റ്റാലിന്റെ എതിരാളി ആരെന്നതില്‍ വ്യക്തത വരൂ. ജനയകീയ മുഖവുമായാണ് സ്റ്റാലിന്റെ തമിഴ്‌നാട്ടിലെ ഭരണയാത്ര. അച്ഛന്‍ കരുണാനിധിക്ക് പോലും ഉണ്ടാകാനാകാത്ത ഭരണ പ്രതിച്ഛായ സ്റ്റാലിന്‍ ഉണ്ടാക്കി കഴിഞ്ഞു. അതുകൊണ്ട് അത്ഭുതം സംഭവിച്ചില്ലെങ്കില്‍ തമിഴ്‌നാട്ടിലെ എതിരാളിയില്ലാ നേതാവായി സ്റ്റാലിന്‍ മാറും.
എഐഎഡിഎംകെയില്‍ പ്രതിസന്ധി രൂക്ഷമാണ്. ഇരട്ട നേതൃത്വത്തിനുപകരം ഒറ്റ നേതൃത്വം തിരിച്ചുകൊണ്ടുവരുന്നതിന് ജൂലായ് 11-ന് ജനറല്‍ കൗണ്‍സില്‍ വീണ്ടും ചേരാന്‍ തീരുമാനിച്ചതോടെയായിരുന്നു പനീര്‍ശെല്‍വത്തിന്റെ ഇറങ്ങിപ്പോക്ക്. ഇതേസമയം ഒറ്റ നേതൃത്വമെന്ന വാദം മുന്‍നിര്‍ത്തി സഹ കോ-ഓര്‍ഡിനേറ്റര്‍ എടപ്പാടി പളനിസ്വാമിയെ (ഇ.പി.എസ്.) ജനറല്‍ സെക്രട്ടറിയാക്കാന്‍ ശ്രമിക്കുന്ന എതിര്‍പക്ഷം പിന്നോട്ടില്ലെന്ന് വ്യക്തമാക്കി. ജയലളിതയുടെ മരണത്തോടെ പാര്‍ട്ടിയില്‍ തോഴിയായ ശശികല പിടിമുറുക്കിയിരുന്നു. എന്നാല്‍ ശശികല ജയിലിലായതോടെ അവര്‍ക്ക് പാര്‍ട്ടിയില്‍ നിയന്ത്രണം പോയി. ഇതാണ് പ്രശ്‌നത്തിന് പുതിയ മാനം നല്‍കുന്നത്.
ജയലളിത ജീവിച്ചിരിക്കുമ്ബോള്‍ പനീര്‍ശെല്‍വമാണ് പിന്‍ഗാമിയെന്ന സൂചന നല്‍കി അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയിരുന്നു. എന്നാല്‍ ജയലളിതയുടെ മരണ ശേഷം ശശികല പിന്തുണച്ചത് പളനിസ്വാമിയെയാണ്. ഇതോടെയാണ് പ്രശ്‌നങ്ങള്‍ തലപൊക്കുന്നത്. പളനിസ്വാമിയുടെ ഭരണത്തില്‍ എഐഎഡിഎംകെ തളരുകയായിരുന്നു. സ്റ്റാലിന്‍ അനായാസം ഭരണവും പിടിച്ചെടുത്തു.
എ.ഐ.എ.ഡി.എം.കെ.യുടെ പരമോന്നത സമിതിയായ ജനറല്‍ കൗണ്‍സിലില്‍ 2600-ല്‍പരം അംഗങ്ങളുണ്ട്. ഇതില്‍ 2,100-ല്‍ കൂടുതല്‍ അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കിയതിനാല്‍ വ്യാഴാഴ്ച ചേരുന്ന യോഗത്തില്‍ തന്നെ ഇ.പി.എസിനെ ജനറല്‍ സെക്രട്ടറിയാക്കാനായിരുന്നു നീക്കം. പക്ഷേ, മുന്‍നിശ്ചയിച്ച 23 പ്രമേയങ്ങളില്‍ ഒഴികെ മറ്റൊരു വിഷയങ്ങളിലും തീരുമാനമെടുക്കാന്‍ പാടില്ലെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് യോഗ നടപടികള്‍ അടിമുടി മാറ്റുകയായിരുന്നു.
ഇറങ്ങിപ്പോയ ഒ.പി.എസിനുനേരെ കുപ്പിയേറുണ്ടായി. വാഹനത്തിന്റെ ടയര്‍ പഞ്ചറാക്കുകയുംചെയ്തു. കോടതി ഉത്തരവിനെതിരായാണ് വീണ്ടും ജനറല്‍ കൗണ്‍സില്‍ ചേരാന്‍ തീരുമാനിച്ചതെന്നും ഇതിനെതിരേ നിയമപോരാട്ടം നടത്തുമെന്നും ഒ.പി.എസ്. പക്ഷം നേതാവ് ആര്‍. വൈദ്യലിംഗം പറഞ്ഞു. അടുത്ത ജനറല്‍ കൗണ്‍സിലില്‍ ഇ.പി.എസ്. ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്ന മുതിര്‍ന്ന നേതാവ് കെ.പി. മുനുസാമി അവകാശപ്പെട്ടു.
പിളര്‍പ്പിലേക്ക് നീങ്ങുന്ന സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെ.യിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബിജെപി. ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ബിജെപി. സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈയും ദേശീയ ജനറല്‍സെക്രട്ടറി സി.ടി. രവിയും ഇരുപക്ഷവുമായി ചര്‍ച്ച നടത്തി. എന്നാല്‍, രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പിന്തുണ അഭ്യര്‍ത്ഥിച്ചാണ് ഇരുനേതാക്കളെയും കണ്ടതെന്നാണ് ഔദ്യോഗിക വിശദീകരണം. തമിഴ്‌നാട്ടിലെ സാഹചര്യം അനുകൂലമാക്കാന്‍ ബിജെപി അണിയറ നീക്കം സജീവമാക്കിയെന്നാണ് സൂചന.