ചെന്നൈ: രാഷ്ട്രീയ എതിരാളിയായ ഒ പനീര്‍ ശെല്‍വത്തെ(ഒ.പി.എസ് ) ആദ്യമായി കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് എ.ഐ.എ.ഡി.എം.കെ നേതാവ് എടപ്പാടി കെ പളനിസ്വാമി (ഇ.പി.എസ്). പനീര്‍ ശെല്‍വം ഇനിമുതല്‍ പാര്‍ട്ടിയുടെ കോ-ഓര്‍ഡിനേറ്റര്‍ അല്ലെന്നു എടപ്പാടി തുറന്നടിച്ചു. ജൂണ്‍ 23ന് ഇരുവരും വിളിച്ചുചേര്‍ത്ത പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗം അലങ്കോലപ്പെടുത്തിയതിന് പനീര്‍ശെല്‍വത്തെ പഴിചാരുകയും ചെയ്തു.
2021 ഡിസംബര്‍ ഒന്നിന് പാര്‍ട്ടി ബൈലോയില്‍ വരുത്തിയ ഭേദഗതികള്‍ ദിവസങ്ങള്‍ക്കു മുമ്ബ് നടന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ അംഗീകരിച്ചില്ല. അതിനാല്‍ പനീര്‍ ശെല്‍വത്തിന്റെ കോ ഓര്‍ഡിനേറ്റര്‍ സ്ഥാനം ഇല്ലാതായെന്നും പളനിസ്വാമി എഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടി.
ആദ്യമായാണ് തന്റെ രാഷ്ട്രീയ എതിരാളിക്ക് പാര്‍ട്ടിയില്‍ ഉന്നതസ്ഥാനമില്ലെന്ന് എടപ്പാടി തുറന്നുപറയുന്നത്. പാര്‍ട്ടി ബൈലോകള്‍ തിരുത്തിയ ശേഷം, കഴിഞ്ഞ വര്‍ഷം ഒ.പി.എസും ഇ.പി.എസും യഥാക്രമം പാര്‍ട്ടിയുടെ കോര്‍ഡിനേറ്ററായും ജോയിന്റ് കോര്‍ഡിനേറ്ററായും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇ.പി.എസിന്റെ ലെറ്റര്‍ഹെഡില്‍ ‘പാര്‍ട്ടി ആസ്ഥാന സെക്രട്ടറി’ എന്നായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം. പാര്‍ട്ടിയുടെ ട്രഷറര്‍ എന്നാണ് ഒ.പി.എസിനെ ഇ.പി.എസ് കത്തില്‍ അഭിസംബോധന ചെയ്തത്.
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി നോമിനികളുടെ നാമനിര്‍ദ്ദേശ പത്രികകള്‍ അയയ്‌ക്കണമെന്നും അതിലൂടെ തനിക്ക് എതിര്‍ ഒപ്പിടണമെന്നും ആവശ്യപ്പെട്ട് ജൂണ്‍ 29ന് ഒ.പി.എസ് അയച്ച കത്ത് ഉദ്ധരിച്ച് ഇ.പി.എസ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 27 ആണെന്ന് ചൂണ്ടിക്കാട്ടി.