ചെന്നൈ : കേരളത്തിൽ പ്രതിദിന കോവിഡ് നിരക്ക് തുടർച്ചയായി 20000 ന് മുകളിൽ എത്തിയതോടെ കേരളത്തിൽ നിന്നെത്തുന്ന യാത്രക്കാർക്ക് തമിഴ്നാടും നിയന്ത്രണങ്ങൾ കർശനമാക്കി. ഓഗസ്റ്റ് അഞ്ച് മുതൽ കേരളത്തിൽ നിന്നും തമിഴ് നാട്ടിലേക്ക് എത്തുന്ന യാത്രക്കാർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടി പിസിആർ പരിശോധന സർട്ടിഫിക്കറ്റാണ് നിർബന്ധമാക്കിയത്. അതേ സമയം രണ്ട് ഡോസ് വാക്സിൻ എടുത്ത് 14 ദിവസം കഴിഞ്ഞ വർക്ക് ഇളവ് നൽകിയിട്ടുണ്ട്. ഇവർക്ക് ആർടി പിസിആർ സർട്ടിഫിക്കറ്റ് വേണ്ടെന്ന് തമിഴ്നാട് ആരോഗ്യ മന്ത്രി മാ. സുബ്രഹ്മണ്യം വ്യക്തമാക്കി. കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വാളയാർ ഉൾപ്പെടെയുള്ള കോയമ്പത്തൂരിലേക്ക് പ്രവേശിക്കുന്ന എല്ലാ ചെക് പോസ്റ്റുകളിലും കർശന പരിശോധന ഏർപ്പെടുത്തുമെന്നും ആർടി പിസിആർ പരിശോധനാ ഫലമോ വാക്സിനേഷൻ സർട്ടിഫിക്കറ്റോ ഇല്ലാത്തവരെ പരിശോധനക്ക് വിധേയമാക്കുകയും ചെയ്യും.
കേരളം മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നും കർണാടകയിലേക്ക് വരുന്നവർക്ക് 72 മണിക്കൂറിൽ കവിയാത്ത ആർടി പിസിആർ ഫലം നിർബന്ധമാക്കിയതായി കർണാടക ശനിയാഴ്ച ഉത്തരവിലൂടെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് അതിർത്തി ചെക്പോസ്റ്റുകളിൽ കർണാടക പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് തമിഴ്നാടും നിയന്ത്രണങ്ങൾ കർശനമാക്കിയത്.