ചെന്നൈ: സ്വന്തം കാറിന് തീ വെച്ച് ഇന്‍ഷൂറന്‍സ് തട്ടാന്‍ ശ്രമിച്ച ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി തിരുവള്ളൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി സതീഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. കാറിന് തീവെച്ചത് സതീഷ് കുമാര്‍ തന്നെയാണെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റ്.
സതീഷ് കുമാറിന്റെ ചെന്നൈ മധുരവോയല്‍ ഏരിയയിലെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന തന്റെ കാര്‍ ഏപ്രില്‍ 14 വ്യാഴാഴ്ച അജ്ഞാതര്‍ കത്തിച്ചുവെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധനക്കായി ശേഖരിച്ചു.
സിസിടിവി ദൃശ്യങ്ങളില്‍ വെളള ഷര്‍ട്ട് ധരിച്ച ഒരാള്‍ റോഡിന്റെ സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനടുത്തേക്ക് വരുന്നത് വ്യക്തമായിരുന്നു. തുടര്‍ന്ന് കാറിന്റെ എല്ലാ വശങ്ങളിലുമുളള ഗ്‌ളാസിലൂടെ അകത്തേക്ക് നോക്കുന്നു പിന്നീട് ഇയാള്‍ സൈക്കിള്‍ ചവിട്ടി സ്ഥലത്തുനിന്നും പോകുന്നതും കാണാമായിരുന്നു. ഇതിന് ശേഷം മറ്റൊരാള്‍ കാറില്‍ എന്തോ ഒന്ന് ഒഴിക്കുകയും സ്‌പ്രേ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് തീയിടുന്നതും കാണാം. തീയിട്ട ശേഷം ഇയാള്‍ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നതും കാണാം.
കാര്‍ കത്തുന്നത് പ്രദേശവാസികള്‍ ബിജെപി നേതാവിന്റെ കുടുംബത്തെ അറിയിക്കുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. കാറിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞുവെന്ന സംശയം ഉയര്‍ന്നതോടെ പോലീസ് ഉടന്‍ സ്ഥലത്തെത്തി. എന്നാല്‍, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ കാറിന് തീയിട്ടയാള്‍ക്ക് സതീഷ് കുമാറുമായി സാമ്യമുണ്ടെന്ന സംശയം പോലീസുന്നയിച്ചു. തുടര്‍ന്ന് സതീഷ് കുമാറിനെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ കാറിന് താന്‍ തന്നെയാണ് തീകൊളുത്തിയതെന്ന് സതീഷ് സമ്മതിക്കുകയായിരുന്നു.
ഇന്‍ഷുറന്‍സ് തുക കിട്ടുന്നതിന് വേണ്ടിയാണ് കാറിന് തീയിട്ടതെന്ന് സതീഷ് പോലീസിനോട് പറഞ്ഞു. സ്വര്‍ണ്ണാഭരണം വാങ്ങിത്തരണമെന്ന് ഭാര്യ നിര്‍ബന്ധം പിടിച്ചപ്പോഴാണ് പണത്തിനായി ഇത് ചെയ്തതെന്നും സതീഷ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങള്‍ സതീഷിന് പാരയാവുകയായിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.