ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നവര്‍ മാസം തികയാതെ പ്രസവിച്ചവരാണെന്ന് നടനും സംവിധായകനുമായ ഭാഗ്യരാജ്. ബുധനാഴ്ച ചെന്നൈയിലെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫിസായ കമലാലയത്തില്‍ നടന്ന ‘പ്രധാനമന്ത്രിയുടെ ജനക്ഷേമ പദ്ധതികള്‍- പുതിയ ഇന്ത്യ 2022’ എന്ന പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കവേയാണ് ഭാഗ്യരാജ് ഇങ്ങനെ പറഞ്ഞത്.
‘വിശ്രമമില്ലാതെ മോദി ജോലി ചെയ്യുന്നു. ഊര്‍ജസ്വലനായ പ്രധാനമന്ത്രിയാണ് ഇന്ന് നാടിനാവശ്യം. പ്രവര്‍ത്തിക്കുന്ന ഭരണാധികാരിക്കുനേരെ വിമര്ശനങ്ങളുണ്ടാവുന്നതും സ്വാഭാവികമാണ്. വിമര്‍ശിക്കുന്നവരൊക്കെ മൂന്നുമാസം മുമ്ബേ ജനിച്ചവരാണെന്ന് കണക്കാക്കിയാല്‍ മതി. ഇത്തരക്കാര്‍ നല്ല അഭിപ്രായം പറയാറില്ലെന്ന് മാത്രമല്ല, നല്ലത് പറഞ്ഞാല്‍ കേള്‍ക്കുകയുമില്ല. ജനമനസ്സുകളിലാണ് മോദിയുടെ സ്ഥാനം’- ഭാഗ്യരാജ് പറഞ്ഞു.
മോദിയെയും ഡോ. അംബേദ്കറെയും താരതമ്യം ചെയ്ത് സംഗീത സംവിധായകന് ഇളയരാജ എഴുതിയ കുറിപ്പ് വന്‍ വിവാദമായതിന് പിന്നാലെയാണ് ഭാഗ്യരാജിന്റെ പ്രസ്താവന. ഇതിനെതിരെയും സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണുയരുന്നത്.