ചെന്നൈ: സാമ്ബത്തിക പ്രതിസന്ധിയിലകപ്പെട്ട ശ്രീലങ്കക്ക് അരിയും മരുന്നുമുള്‍പ്പടെ അവശ്യ സാധനങ്ങള്‍ നല്‍കി സഹായിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി തേടി തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി. എ.ഐ.എ.ഡി.എം.കെയും ബി.ജെ.പിയും ഉള്‍പ്പെട്ട പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് പ്രമേയം ഐകകണ്‌ഠേനെയാണ് പാസാക്കിയത്.
നിയമസഭയില്‍ പാസാക്കിയ പ്രമേയത്തെയും തമിഴ്നാട്ടിലെ ജനം ശ്രീലങ്കക്ക് നല്‍കുന്ന സഹായത്തെയും ബി.ജെ.പി സംസ്ഥാന ഘടകം സ്വാഗതം ചെയ്തു. പ്രമേയത്തിന് പിന്തുണയറിയിച്ച എ.ഐ.എ.ഡി.എം.കെ നേതാവ് ഒ. പനീര്‍ശെല്‍വം ശ്രീലങ്കന്‍ ജനതക്ക് സഹായമായി 50 ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചു.
സാധനങ്ങള്‍ അയക്കാന്‍ കേന്ദ്രത്തിന്റെ അനുമതി ആവശ്യപ്പെട്ട് നേരത്തെ നല്‍കിയ അപേക്ഷകളില്‍ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പ്രമേയം പാസാക്കുന്നതിനിടെ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നിയമസഭയില്‍ പറഞ്ഞു.
അയല്‍ രാജ്യവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷന്‍ കെ. അണ്ണാമലൈ പറഞ്ഞു. ശ്രീലങ്കന്‍ ജനങ്ങളെ സഹായിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു. അതോടൊപ്പം തന്നെ പ്രമേയത്തില്‍ ശ്രീലങ്കക്ക് വേണ്ടിയുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ പദ്ധതികളെ പരാമര്‍ശിക്കാത്തതിനെ ബി.ജെ.പി അധ്യക്ഷന്‍ വിമര്‍ശിച്ചു. കേന്ദ്രം ശ്രീലങ്കക്ക് ഇതിനോടകം നല്‍കിയിട്ടുള്ളതും നല്‍കാനിരിക്കുന്നതുമായ കാര്യങ്ങള്‍ പ്രമേയത്തില്‍ ഇല്ലാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.