ചെന്നൈ: മദ്യപാനം ചോദ്യം ചെയ്ത മക്കളെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. കാഞ്ചീപുരം ജില്ലയിലാണ് ദാരുണ സംഭവം. ഇന്നലെ ഉച്ചയ്ക്കാണ് മധുരപ്പാക്കം വില്ലേജിലെ ഗോവിന്ദരാജിന്റെ(40) മക്കളായ നന്ദിനി(16),ദീപ(ഒന്‍പത്) എന്നിവര്‍ കൊല്ലപ്പെട്ടത്.
നന്ദിനി,നാദിയ, ദീന, ദീപ എന്നിങ്ങനെ നാല് പെണ്‍കുട്ടികളാണ് ഗോവിന്ദരാജിന് ഉള്ളത്. സ്കൂളില്‍ നിന്ന് വീട്ടിലെത്തിയ നന്ദിനിയും ദീപയും പിതാവ് മദ്യപിക്കുന്നതാണ് കണ്ടത്. ഇതിന്റെ പേരില്‍ പെണ്‍കുട്ടികള്‍ ഇയാളെ വഴക്കുപറഞ്ഞു. പ്രകോപിതനായ ഗോവിന്ദരാജ് മക്കളെ മരത്തടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം വാതിലടച്ച് വീണ്ടും മദ്യപാനം തുടര്‍ന്നു.
നാല് മണിയോടെ ദീന സ്കൂളില്‍ നിന്ന് തിരിച്ചെത്തി. വാതിലിന് മുട്ടിയെങ്കിലും ആരു തുറക്കാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി സമീപത്ത് താമസിക്കുന്ന ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ഇവര്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന കുട്ടികളെ കണ്ടത്. അയല്‍ക്കാര്‍ തന്നെയാണ് പ്രതിയെ പൊലീസില്‍ ഏല്പിച്ചത്.
മദ്യപാനിയായ ഗോവിന്ദരാജ് ജോലിക്കൊന്നും പോയിരുന്നില്ല. ഭാര്യയ്ക്ക് ചെറിയൊരു ജോലിയുണ്ട്. ഈ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്. ഇയാളുടെ ഉപദ്രവം സഹിക്കാനാകാതെ രണ്ടാമത്തെ മകളായ നാദിയ ഒരു മാസം മുമ്ബ് ജീവനൊടുക്കിയിരുന്നു.