ചെന്നൈ: ഡെല്‍ഹി സന്ദര്‍ശിച്ചത് തമിഴ്‌നാടിന്റെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ വേണ്ടിയാണെന്നും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നില്ലെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.അവകാശങ്ങള്‍ നേടിയെടുക്കാന്‍ താന്‍ ആരുടേയും കാലുപിടിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് ദിവസമാണ് സ്റ്റാലിന്‍ ഡെല്‍ഹിയില്‍ ചിലവഴിച്ചത്.
സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുകയും നീറ്റ് ഒഴിവാക്കല്‍ ഉള്‍പെടെ തമിഴ്നാടുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മെമ്മോറാണ്ടം സമര്‍പിക്കുകയും ചെയ്തു. വിവിധ കേന്ദ്രമന്ത്രിമാരെ വിളിച്ച് സംസാരിച്ച സ്റ്റാലിന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനൊപ്പം ഡെല്‍ഹി സര്‍ക്കാര്‍ നടത്തുന്ന സ്‌കൂളും ക്ലിനികും സന്ദര്‍ശിച്ചു.
‘സംസ്ഥാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്തോ പ്രശ്‌നത്തില്‍ നിന്നും രക്ഷപ്പെടാനാണ് താന്‍ ഡെല്‍ഹിയില്‍ പോയതെന്നാണ് ചിലര്‍ വിശ്വസിക്കുന്നത്. സന്ദര്‍ശനത്തിനിടെ ആരുടെയും കാലില്‍ വീണിട്ടില്ല, ആരോടും ഒരു ദയയും തേടിയിട്ടില്ല’ -പ്രതിപക്ഷ നേതാവും എഐഎഡിഎംകെ ജോയിന്റ് കോ-ഓര്‍ഡിനേറ്ററുമായ കെ പളനിസ്വാമിയുടെ വിമര്‍ശനത്തോട് പ്രതികരിച്ചുകൊണ്ട് സ്റ്റാലിന്‍ വ്യക്തമാക്കി.