
ചെന്നൈ: തെക്കന്‍ ബംഗാള്‍ കടലില്‍ രൂപംകൊണ്ട അന്തരീക്ഷ ചുഴിയെത്തുടര്‍ന്ന് മഴക്കെടുതി ഭീഷണിയില്‍ തമിഴ്‌നാട് ജനത. അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട് പ്രഖ്യാപിച്ചു. തൂത്തുക്കുടി, തിരുനെല്‍വേലി, രാമനാഥപുരം, പുതുക്കോട്ട, നാഗപട്ടണം എന്നീ ജില്ലകളിലാണ് റെഡ് അലേര്‍ട് പ്രഖ്യാപിച്ചത്. 22 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. തൂത്തുക്കുടി, കന്യാകുമാരി, തിരുവാരൂര്‍, തെങ്കാശി ഉള്‍പെടെയുള്ള ജില്ലകളിലാണ് അവധി. പുതുച്ചേരി, കാരയ്ക്കല്‍ എന്നിവടങ്ങളിലെ വിഭ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.
തൂത്തുക്കുടി ജില്ലയിലെ മീന്‍ പിടുത്തത്തൊഴിലാളികള്‍ വെള്ളിയാഴ്ച മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കടലില്‍ പോകരുതെന്ന് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചെന്നൈയില്‍ ശനിയാഴ്ച ഓറന്‍ജ് അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച പെയ്ത ശക്തമായ മഴയില്‍ തെക്കന്‍ ജില്ലകളില്‍ വീണ്ടും പ്രളയ സമാനമായ സാഹചര്യമുണ്ടായി. കനത്ത മഴയെ തുടര്‍ന്ന് ഇതാദ്യമായി തിരുചെന്തൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനുള്ളില്‍ വെള്ളം കയറി. ക്ഷേത്രത്തിലെത്തിയ ഭക്തര്‍ ഇവിടെ കുടുങ്ങിയിരിക്കുകയാണ്. തിരുച്ചിറപ്പള്ളിയില്‍ നിന്ന് തൂത്തുക്കുടിയിലേക്ക് പോയ ഇന്‍ഡിഗോ വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് തിരിച്ചിറക്കി.
