ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും തമിഴ്‌നാട് സന്ദര്‍ശിക്കാനിരിക്കെ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡായി ‘ഗോബാക്ക് മോദി’. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനങ്ങള്‍ക്കായാണ് മോദി നാളെ തമിഴ്‌നാട്ടിലെത്തുന്നത്. ഇതിനിടയിലാണ് സന്ദര്‍ശനത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ രോഷമുയരുന്നത്.
GoBackModi എന്ന ഹാഷ്ടാഗില്‍ ഇതിനകം തന്നെ 20,000ത്തോളം ട്വീറ്റുകളാണ് വന്നിട്ടുള്ളത്. മോദി ജനാധിപത്യത്തെയും ഭരണഘടനയെയും തകര്‍ക്കുകയാണെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. വികസന പദ്ധതികള്‍ക്കായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് വാരിക്കോരി നല്‍കുമ്ബോള്‍ തമിഴ്‌നാട് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും നിരവധി പേര്‍ ചൂണ്ടിക്കാട്ടുന്നു.
ഡി.എം.കെ, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രധാനമായും പ്രതിഷേധമുയരുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മോദിയുടെ തമിഴ്‌നാട് സന്ദര്‍ശനത്തിനിടെയും വന്‍ തോതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. സമൂഹമാധ്യമങ്ങള്‍ക്കു പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടന്നു. ഗോ ബാക്ക് മോദി എന്ന കുറിപ്പോടെയുള്ള കറുത്ത ബലൂണ്‍ പറത്തി നടന്ന പ്രതിഷേധം വന്‍ മാധ്യമശ്രദ്ധ നേടിയിരുന്നു.