ചെന്നൈ • മലയാളികൾ ഉൾപ്പെട്ടട്ട ആനവേട്ട സംഘം കൊടൈക്ക്നാലിൽ അറസ്റ്റിലായി. തമിഴ്നാട് ഡിണ്ടിഗലിൽ നിന്നു കൊണ്ടുവന്ന 2 ആനക്കൊമ്പുകൾ കേരളത്തിലേക്കു കടത്താനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റ്. മലപ്പുറം പരപ്പനങ്ങാടി സ്വദേശി അബ്ദുൽ റഷീദ്, തൃശൂർ സ്വദേശി സിബിൻ തോമസ് എന്നിവരാണ് അറസ്റ്റിലായത് മലയാളികൾ.
തമിഴ്നാട് വനം വകുപ്പിന്റെ ചെന്നൈയിലെ ആസ്ഥാനത്തു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആഴ്ചകൾ നീണ്ട നീക്കങ്ങൾക്കൊടുവിലാണ് 8 അംഗ സംഘത്തെ കുടുക്കിയത്.കൊടൈക്കനാൽ കേന്ദ്രീകരിച്ച് ആനക്കൊമ്പ് വിൽപന നടക്കുന്നുവെന്നായിരുന്നു വിവരം
.ഇതിന്റെ അടിസ്ഥാനത്തിൽ വിനോദ സഞ്ചാര മേഖലയിലെ റിസോർട്ടുകളും ഹോട്ടലുകളും പരിശോധിച്ചാണ് വനം വകുപ്പ് സംഘം പ്രതികളെ പിടികൂടിയത്.പലമലൈയിലെ ഹോട്ടലിൽ നിന്ന് 9 പേരെയാണു വനം വകുപ്പ് കസ്റ്റഡിയിലെടുത്തതെങ്കിലും ഇതിൽ ഒരാൾ പിന്നീട് വനം വകുപ്പിന്റെ കസ്റ്റഡിയിൽ നിന്നു കടന്നുകളഞ്ഞു.
പരിശോധനയിൽ ആനക്കൊമ്പും തോക്കുകളും കണ്ടെടുത്തു. കൊടൈക്കനാൽ, മധുര, ഡിണ്ടിഗൽ സ്വദേശികളാണു സംഘത്തിലെ മറ്റുള്ളവർ.തിരുച്ചിറപ്പള്ളിൽ നിന്നാണ് ആനക്കൊമ്പ് ലഭിച്ചതെന്നാണു മൊഴി.
റഷീദും സിബിൻ തോമസും ആനക്കൊമ്പ് വാങ്ങാൻ എത്തിയവരാണെന്നു വനം വകുപ്പു പറയുന്നു. സംഘത്തിലെ മറ്റംഗങ്ങളെ കണ്ടെത്താൻ തമിഴ്നാട് വനം വകുപ്പ് തിരച്ചിൽ ഊർജിതമാക്കി.