ചെന്നൈ: ‘തമിഴ്നാട്’ വിവാദത്തില്‍നിന്ന് പിന്മാറി ഗവര്‍ണര്‍ ആര്.എന്‍. രവി. തമിഴ്നാടിന്റെ പേര് ‘തമിഴകം’ എന്നാക്കി മാറ്റണമെന്ന് താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് ബുധനാഴ്ച ഗവര്‍ണര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വിശദീകരിക്കുന്നത്. സമീപകാലത്തെ ഗവര്‍ണറുടെ നടപടികളില്‍ കേന്ദ്ര ബി.ജെ.പി നേതൃത്വം കടുത്ത അസംതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് മലക്കംമറിച്ചില്‍.
കാശിയും തമിഴ്നാടും തമ്മിലുണ്ടായിരുന്ന സാസ്കാരിക ബന്ധത്തെ അനുസ്മരിക്കുന്നതിന് രാജ്ഭവനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സാന്ദര്‍ഭികമായാണ് ‘തമിഴകം’ എന്ന വാക്ക് ഉച്ചരിച്ചതെന്നും പ്രാചീനകാലത്ത് ‘തമിഴ്നാട്’ ഉണ്ടായിരുന്നില്ലെന്നും അതിനാലാണ് തമിഴകമെന്ന് പ്രസംഗത്തില്‍ പറഞ്ഞതെന്നും ഗവര്‍ണര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ദക്ഷിണേന്ത്യയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഗവര്‍ണറുടെ നിലപാടുകള്‍ തിരിച്ചടിയായെന്നാണ് ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തലെന്നും റിപ്പോര്‍ട്ടുണ്ട്. സനാതന ധര്‍മത്തെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ പരസ്യ പരാമര്‍ശങ്ങളും വന്‍ വിവാദത്തിന് കാരണമായിരുന്നു.
ഇതിനെതിരെ തമിഴ്നാട് നിയമസഭക്കകത്തും പുറത്തും ഡി.എം.കെയും സഖ്യകക്ഷികളും പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. നയപ്രഖ്യാപന പ്രസംഗത്തിലെ ‘തമിഴ്നാട്’, ‘ദ്രാവിഡ മാതൃക’, പെരിയാര്‍ ഉള്‍പ്പെടെയുള്ള വാക്കുകള്‍ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി സ്റ്റാലിന് പ്രമേയം കൊണ്ടുവന്നതും ഗവര്‍ണര്‍ നിയമസഭയില്‍ ഇറങ്ങിപ്പോക്ക് നടത്തിയതും ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
രാജ്ഭവനിലെ പൊങ്കല്‍ തമിഴ് ക്ഷണപത്രികയില്‍ ‘തമിഴ്നാട്’ ഒഴിവാക്കി ‘തമിഴകം’ എന്നാണ് അച്ചടിച്ചിരുന്നത്. സംസ്ഥാന മുദ്ര ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍ ചിഹ്നം പതിച്ചതും ഒച്ചപ്പാടിനിടയാക്കി. ‘ആര്.എന്‍. രവി ഗെറ്റൗട്ട്’ ഹാഷ്ടാഗുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ പോസ്റ്ററുകളും ബാനറുകളും ഉയരുകയും ചെയ്തു. ഇതേത്തുടര്‍ന്ന് കേന്ദ്രം ഗവര്‍ണറെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിനുശേഷമാണ് ഗവര്‍ണറുടെ വിശദീകരണക്കുറിപ്പ് പുറത്തിറങ്ങിയത്.