തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/IC6TYYVgbvoDfTDTHg977i
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
തലയുയര്‍ത്തി നില്‍ക്കുന്ന മലനിരകളുടെ അടിവാരത്തില്‍ വന്നവസാനിക്കുന്നൊരു നാട്ടുപാത. ഇരുവശവും നെല്‍വയലുകളും വരമ്ബുകളില്‍ അങ്ങിങ്ങായി ഓടി നടക്കുന്ന മയിലുകളും.യുഗങ്ങള്‍ കൈമാറി വന്ന, തലമുറകള്‍ പകര്‍ന്നു കൊടുത്ത ഒരു സംസ്കാരത്തിന്റെ ശേഷിപ്പുകള്‍ തേടിയുള്ള ഞങ്ങളുടെ യാത്ര ഇവിടെ തുടങ്ങുന്നു.പാലക്കാട് കൊല്ലങ്കോടിനടുത്തുള്ള കാച്ചാംകുറിശ്ശിയില്‍ നിന്നും ദൂരെ അതിരുകാക്കുന്ന വിധം ഉയര്‍ന്നു നില്‍ക്കുന്ന ഗോവിന്ദമലയാണ് ലക്ഷ്യം.
സുരാസുരന്മാരുടെ പിതാവായ കശ്യപമഹര്ഷിയില്‍ നിന്നാണ് കാച്ചാംകുറിശ്ശി എന്ന പേരിന്റെ ഉത്ഭവം.കശ്യപ കുറിശ്ശി ലോപിച്ചാണ് കാച്ചാംകുറിശ്ശിയായതെന്ന് നാട്ടുവായ്മൊഴി.മഹാവിഷ്ണു ഭക്തനായിരുന്ന കശ്യപ മഹര്‍ഷി തപസ്സിരുന്നത് ഗോവിന്ദ മലയിലായിരുന്നത്രെ.അവിടെ വച്ച് മഹാവിഷ്ണു ദര്‍ശനം കൊടുത്തെന്നും പിന്നീട് ത്രേതായുഗത്തില്‍ വനവാസക്കാലത്ത് രാമാ ലക്ഷ്മണന്മാര്‍ സീതാസമേതം അവിടെയെത്തിയെന്നും ഒക്കെയാണ് വിശ്വാസം.ഇത് സാധൂകരിക്കുന്ന തരത്തില്‍ ഗോവിന്ദമലയുടെ തുഞ്ചത്ത് രണ്ട് പാദങ്ങളുടെ അടയാളവും ഒരു ശംഖിന്റെ അടയാളവുമുണ്ട്.കാച്ചാംകുറിശ്ശി പെരുമാള്‍ ക്ഷേത്രത്തിലെ വിഷ്ണു വിഗ്രഹം കശ്യപമഹര്ഷിയാല്‍ പ്രതിഷ്ഠിച്ചതാണ് എന്നാണ് മറ്റൊരു വിശ്വാസം.
നെല്ലിയാമ്ബതി മലനിരകളില്‍ തന്നെയാണ് ഗോവിന്ദമലയുടെ സ്ഥാനവും.എന്നാല്‍ വര്‍ഷത്തില്‍ ഒരു ദിവസം മാത്രമാണ് അവിടെ പ്രവേശിക്കുവാനുള്ള അനുവാദം ഫോറസ്ററ് അധികൃതര്‍ നല്‍കുന്നത്.തൈപ്പൂയത്തിന്റെ തലേ ദിവസം മുതല്‍ അന്ന് രാവിലെ വരെ ആണ് പ്രവേശാനുമതി നല്‍കുക. ഗോവിന്ദാമല തീര്‍ത്ഥാടനത്തിന് പ്രധാനമായും എത്തുന്നത് തമിഴ്‌നാട്ടിലെ വിശ്വാസികളാണ് എന്നതാണ് രസകരം.
തൈപ്പൂയത്തിന്റെ തലേദിവസം നൂറുകണക്കിന് വാഹനങ്ങളിലായി കുടുംബസമേതം അവരെത്തും.അതോടെ അടിവാരത്തില്‍ പാറകള്‍ നിറഞ്ഞ ഭാഗത്തു ഒരു തമിഴ് ഗ്രാമത്തിന്റെ അന്തരീക്ഷം ഉരുത്തിരിയും.തമിഴ് കലകളും നൃത്തരൂപങ്ങളുമൊക്കെയായി അവര്‍ അന്ന് അവിടെ ചിലവഴിക്കും. വ്രതമെടുത്ത വന്ന ഭക്തര്‍ വൈകുന്നേരത്തോടെ മലകയറും. കൂടെ വന്നവര്‍, സ്ത്രീകള്‍ ഒക്കെ താഴെ കാത്തിരിക്കും.രാത്രി മുകളിലെത്തി ചടങ്ങുകള്‍ കഴിച്ച് തിരിച്ചെത്തി,പുലര്‍ച്ചെ അവര്‍ തിരിച്ച പോവും. കേരളത്തിന്റെ ഉള്ളില്‍ ഒരു ദിവസത്തേക്കു അന്നവിടെ ഒരു തമിഴ് ഗ്രാമം രൂപപ്പെടും.
ഗോവിന്ദാമലയുടെ മുകളില്‍ ആണ് കശ്യപമഹര്ഷി തപസ്സിരുന്നു, ‘ഗോവിന്ദന്‍ ‘ പ്രത്യക്ഷപെട്ടു എന്ന് കരുതുന്ന സ്ഥലം.മുകളിലെ ഒരു പാറക്കെട്ടില്‍ ആണ് വിഷ്ണുപാദവും ശംഖും സ്ഥിതി ചെയ്യുന്നത്.അന്നേദിവസം അധികൃതര്‍ ഒരു കയര്‍ കെട്ടിയിടും, അതില്‍ പിടിച്ച് മുകളിലേക്ക് കയറാം.ചെങ്കുത്തായ പാറക്കെട്ടുകള്‍ വഴിയുള്ള യാത്ര തന്നെ അപകടം നിറഞ്ഞതാണ്.അതിന് പിന്നാലെയാണ് ഇത്.പാറക്കെട്ടുകളേക്കാള്‍ ദൃഢമായ വിശ്വാസത്തിന് മുന്നില്‍ ഇതൊക്കെയെന്ത്!
മലയുടെ ഏറ്റവും മുകളിലായി പാറക്കെട്ടുകള്‍ക്കിടയില്‍ ഒരു നീരുറവയുണ്ട്.ഇതിനെപ്പറ്റിയും ഒരു വിശ്വാസമുണ്ട്.മുകളിലെത്തി എല്ലാവരും ഒരുമിച്ച് നിന്ന് രാത്രി ഗോവിന്ദ നാമം മുഴക്കുമെന്നും ഇറ്റിറ്റായി വീണുകൊണ്ടിരിക്കുന്നു നീരുറവ അപ്പോള്‍ പതിയെ ശക്തി പ്രാപിക്കുമെന്നുമാണ് അത്.വിശ്വാസികള്‍ എല്ലാവരും അതില്‍ നിന്ന് ജലം ശേഖരിച്ചിട്ടാവും മടക്കം.
എല്ലാവര്‍ഷവും തൈപ്പൂയത്തിന്റെ അന്ന് ഗോവിന്ദമലയുടെ അടിവാരത്തില്‍ ഒരു രാത്രിക്കായ് വന്നു ചേരുന്ന തമിഴ്‌നാട്ടുകാരുടെ വിശ്വാസത്തിന്റെ തലയെടുപ്പ് പോലെ ഗോവിന്ദമല പിന്നില്‍ ഉയര്‍ന്നു നില്‍ക്കുന്നത് മലയിറങ്ങുമ്ബോള്‍ ഞങ്ങള്‍ക്ക് കാണാമായിരുന്നു.അങ്ങകലെ മലയുടെ മുകളില്‍ അമ്ബലത്തില്‍ നിന്നുള്ള വെളിച്ചം ഒരു പൊട്ടുപോലെയും . ഏതെങ്കിലും ഒരു തൈപ്പൂയരാവില്‍ തമിഴ് മക്കളില്‍ ഒരുവനായി ആ പാറക്കെട്ടിനു മുകളില്‍ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഒരു രാത്രി ചെലവഴിക്കണം എന്ന ദൃഢനിശ്ചയത്തോടെ ഞങ്ങള്‍ കാച്ചാംകുറിശ്ശിയോട് വിടപറഞ്ഞു.