ചെന്നൈ: മോഷ്ടിച്ചുകൊണ്ടുപോകുന്നതിനിടെ കേടായ ബൈക്ക് നന്നാക്കാന്‍ ഉടമയോട്തന്നെ സഹായം ചോദിച്ച് കള്ളന്‍. കോയമ്ബത്തൂരിലെ സുലൂരിലാണ് ഏവരെയും ചിരിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.കള്ളനെ കയ്യോടെ പൊക്കി ഉടമ പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചു.സുലൂര്‍ നെയ്‌ക്കാരന്‍കുട്ട സ്വദേശി മുരുകന്റെ ബൈക്ക് ആണ് മോഷണം പോയത്.
കോഴി ഫാമിലെ മാനേജര്‍ ആയ ഇയാള്‍ വീടിന് മുന്‍പിലാണ് ബൈക്ക് നിര്‍ത്തിയിട്ടിരുന്നത്. എന്നാല്‍ ഇവിടെ കാണാതായതിനെ തുടര്‍ന്ന് കരുമത്തംപട്ടി പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. തിരികെവരുന്നതിനിടെ കുറുമ്ബ പാളയത്തില്‍വെച്ചാണ് കള്ളനെ മുരുകന്‍ കയ്യോടെ പൊക്കിയത്.
മടങ്ങിവരുന്നതിനിടെ കുറുമ്ബപാളയത്തിലെ വര്‍ക്ക് ഷോപ്പിന് മുന്‍പില്‍ പരിചയമുള്ള ബൈക്ക് കണ്ടു. ഇതോടെ മുരുകന്‍ ബൈക്കിന് അടുത്തേക്ക് പോകുകയായിരുന്നു. മുരുകനെ കണ്ട് വര്‍ക്ക് ഷോപ്പ് ഉടമയാണെന്ന് തെറ്റിദ്ധരിച്ച കള്ളന്‍ എപ്പോള്‍ തുറക്കുമെന്നും. ബൈക്ക് കേടായെന്നും പറഞ്ഞു. എന്നാല്‍ ഇത് തന്റെ ബൈക്കാണെന്ന് ഇയാള്‍ കള്ളനോട് പറയുകയായിരുന്നു.
ഇതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമായി. ഇതോടെ വിഷയത്തില്‍ നാട്ടുകാര്‍ ഇടപെടുകയായിരുന്നു.മുരുകന്‍ പറഞ്ഞത് സത്യമാണെന്ന് ബോദ്ധ്യപ്പെട്ട നാട്ടുകാര്‍ കള്ളനെ പിടിച്ചു കെട്ടി. തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി കള്ളനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.