Home മുല്ലപ്പെരിയാര്‍ ഡാമിലെ മൂന്നാം ഷട്ടറും തുറന്നു;ജലനിരപ്പ് കുറയാത്തതിനാല്‍ ആശങ്ക വേണ്ടെന്ന് റോഷി അഗസ്റ്റിന്‍

മുല്ലപ്പെരിയാര്‍ ഡാമിലെ മൂന്നാം ഷട്ടറും തുറന്നു;ജലനിരപ്പ് കുറയാത്തതിനാല്‍ ആശങ്ക വേണ്ടെന്ന് റോഷി അഗസ്റ്റിന്‍

by shifana p

മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ഒരു സ്പില്‍വേ ഷട്ടര്‍ കൂടി തുറന്നു. ഇതോടെ പുറത്തേക്കൊഴുകുന്ന വെള്ളം 825 ഘനയടിയായി വര്‍ധിച്ചു.പെരിയാറിന്‍റെ തീരത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇടുക്കി ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കേണ്ടിവരില്ലെന്ന് ഡാം അധികൃതരും വ്യക്തമാക്കി.

ഇന്നലെ രാത്രി 9 മണിയോടെയാണ് മുല്ലപ്പെരിയാറില്‍ മൂന്നാമത്തെ ഷട്ടറും തുറന്നത്. ഉയര്‍ത്തിയത് 30 സെന്‍റിമീറ്റര്‍. ഇതുവഴി 275 ഘനയടി വെള്ളം കൂടുതലായി ഒഴുകുന്നു. ആകെ പുറത്തേക്കൊഴുകുന്ന ജലം 825 ഘനയടിയായി വര്‍ധിച്ചു. കേരളത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് ഒരു ഷട്ടര്‍ കൂടി തുറന്നത്. രണ്ട് ഷട്ടറുകള്‍ വഴി 550 ഘനയടി ഇന്നലെ രാവിലെ മുതല്‍ തുറന്നുവിട്ടിട്ടും ജലനിരപ്പ് കുറയാത്തതിനെ തുടര്‍ന്നാണ് നടപടി. 138.85 അടിയിലാണ് ഇപ്പോഴും ജലമുള്ളത്. ഒരു ഷട്ടര്‍ കൂടി തുറന്നതോടെ നിലവിലുള്ള ജലനിരപ്പിനെക്കാള്‍ അരയടിയില്‍ താഴെ വെള്ളം മാത്രമായിരിക്കും പെരിയാറില്‍ ഉയരുക. ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.

മുല്ലപ്പെരിയാറിലെ ജലം രാത്രിയോടെ ഇടുക്കി റിസര്‍വോയറിലെത്തി. കുറഞ്ഞ ശക്തിയില്‍ വെള്ളമൊഴുകിയതുകൊണ്ടാണ് ഇത്രയും വൈകാന്‍ കാരണം. മുല്ലപ്പെരിയാറിലെ വെള്ളം ഇടുക്കി ഡാമില്‍ സംഭരിക്കാനാകുമെന്നാണ് ഡാം അധികൃതരുടെ കണക്കുകൂട്ടല്‍. ചെറുതോണിയുടെ ഷട്ടര്‍ വീണ്ടും തുറക്കേണ്ടിവരില്ലെന്ന് ഡാം അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇടുക്കി ഡാമിലെ റെഡ് അലര്‍ട്ട് മാറി ഓറഞ്ചിലെത്തി.

Leave a Comment

error: Content is protected !!
Join Our Whatsapp