ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രമായ രണ്ടാം തരംഗത്തില്‍ ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് സാധ്യമായതെല്ലാം ചെയ്യാന്‍ എല്ലാ കമ്ബനികളും പൊതുമേഖലാ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും പരിശ്രമിക്കുന്നുണ്ട്. അപ്പോള്‍ മാറിനില്‍ക്കാന്‍ ദേശീയപാതാ അതോറിറ്റിക്കും കഴിയില്ലല്ലോ. അതുകൊണ്ട് സുപ്രധാനമായ ഒരു തീരുമാനം എടുത്തിരിക്കുകയാണ് എന്‍എച്ച്‌എഐ.
ദ്രവ രൂപത്തിലുള്ള മെഡിക്കല്‍ ഓക്സിജനുമായി പോകുന്ന എല്ലാ ടാങ്കറുകളും കണ്ടെയ്‌നറുകളും നിലവില്‍ ടോള്‍ അടയ്ക്കാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍, ഇനി അത് കൊടുക്കേണ്ടതില്ലെന്നാണ് എന്‍എച്ച്‌എഐ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ദേശീയപാതയിലൂടെ ടോള്‍ നല്‍കാതെ ഇത്തരം വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനാവും പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് ടുഡെയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തങ്ങളുടെ കരാറുകാരുടെ സഹായത്തോടെ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള നീക്കമാരംഭിച്ചതിന് പിന്നാലെയാണ് ടോള്‍ പിരിവിലെ ഈ തീരുമാനം. സംസ്ഥാനങ്ങള്‍ക്ക് അകത്തും പുറത്തേക്കും ഓക്സിജനുമായി സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് വേഗത്തില്‍ സഞ്ചരിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് എന്‍എച്ച്‌എഐയുടെ പ്രതീക്ഷ.
ഫാസ്റ്റ്ടാഗ് വഴി ഇപ്പോള്‍ തന്നെ സീറോ വെയ്റ്റിങ് സമയമാണ് എന്‍എച്ച്‌എഐ വാഗ്ദാനം ചെയ്യുന്നത്. എന്നിരുന്നാലും മെഡിക്കല്‍ ഓക്സിജനുമായി പോകുന്ന വാഹനങ്ങള്‍ക്കായി ടോള്‍ പ്ലാസകളില്‍ പ്രത്യേകം വഴിയൊരുക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ചെന്നൈ മലയാളി ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #IndiaFightsCorona