വയനാട്: സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത പി കന്ദസ്വാമിയെ വിജിലന്‍സ് – ആന്റികറപ്ഷന്‍ തലപ്പത്ത് നിയമിച്ച തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെ അഭിനന്ദിച്ച് ടി. സിദ്ദിഖ്. ഫാഷിസ്റ്റ് ഭരണകൂടത്തിന് നേരെയുള്ള ചെറുത്ത് നില്‍പ്പിന്റെ ഭാഗമാണ് ഇത്തരം തീരുമാനങ്ങള്‍. കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന തമിഴ്‌നാട് സര്‍ക്കാറിന്റെ ആഭ്യന്തരം പിന്നില്‍ നിന്ന് ആര്‍ക്കും നിയന്ത്രിക്കാനാവില്ലെന്നതിന്റെ സൂചന കൂടിയാണിതെന്നും സിദ്ദിഖ് അവകാശപ്പെട്ടു.

2010ലെ സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് അമിത് ഷായെ അറസ്റ്റ് ചെയ്യുമ്ബോള്‍ കന്ദസ്വാമി സിബിഐയില്‍ ഐജിയായി പ്രവര്‍ത്തിക്കുകയായിരുന്നു. ഒഡിഷ കേഡറിലെ അമിതാഭ് താക്കൂറായിരുന്നു ഡെപ്യൂട്ടി ഡിഐജി. ഈ കേസില്‍ അമിത് ഷാ പിന്നീട് കുറ്റവിമുക്തനായി. 2007ല്‍ ഇംഗ്ലണ്ട് സ്വദേശിനിയെ ബലാത്സംഗം ചെയ്തുകൊന്ന കേസും അന്വേഷിച്ച് തെളിയിച്ചത് കന്ദസ്വാമിയും അമിതാഭുമാണ്. എസ്‌എന്‍സി ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് കന്ദസ്വാമി മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അന്വേഷണം നടത്തുകയുണ്ടായി. എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കന്ദസ്വാമിക്ക് നല്ല ചുമതലകളൊന്നും നല്‍കിയിരുന്നില്ല. അക്കാലത്ത് തമിഴ്‌നാട്ടില്‍ ഭരണത്തിലിരുന്നതും ബിജെപി പങ്കാളിത്തമുള്ള എഐഡിഎംകെ സര്‍ക്കാര്‍ ആയിരുന്നു.
കഴിഞ്ഞ ദിവസം സേവാഭാരതി പ്രവര്‍ത്തകര്‍ പാലക്കാട് പൊലീസിനൊപ്പം വാഹനപരിശോധന നടത്തിയതിനെ സിദ്ദിഖ് വിമര്‍ശിച്ചിരുന്നു. ആ വാര്‍ത്തയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെയും പിണറായി വിജയനെതിരെയും സംഘപരിവാര്‍ സഹകരണം ആരോപിച്ച് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ കേരള സര്‍ക്കാരിനെതിരായ ഒളിയമ്ബായും ഈ പോസ്റ്റിനെ കാണുന്നവരുണ്ട്.
ടി. സിദ്ദിഖിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത പി കന്ദസ്വാമി ഐപിഎസ് പുതിയ തമിഴ്‌നാട് ഡിജിപി. വിജിലന്‍സ്-ആന്റി കറപ്ഷന്‍ തലപ്പത്താണു നിയമനം. ബിജെപി ഇല്ലാതാക്കാന്‍ ശ്രമിച്ച ധീരനായ പൊലീസ് ഓഫീസറെ നിയമിച്ച തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനു അഭിവാദ്യങ്ങള്‍. ഫാഷിസ്റ്റ് ഭരണകൂടത്തിനു നേരെയുള്ള ചെറുത്ത് നില്‍പ്പിന്റെ ഭാഗമാണു ഇത്തരം തീരുമാനങ്ങള്‍. കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന തമിഴ്‌നാട് സര്‍ക്കാറിന്റെ ആഭ്യന്തരം പിന്നില്‍ നിന്ന് ആര്‍ക്കും നിയന്ത്രിക്കാനാവില്ലെന്നതിന്റെ സൂചന കൂടിയാണിത്.