ചെന്നൈ : സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നവരുടെ എണ്ണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി നഗരത്തിൽ ബൈക്ക് റേസിങ് നടത്തിയ യുവാക്കൾ പിടിയിലായി.അണ്ണാശാലയിൽ യുഎസ് കോൺസുലേറ്റ്, തേനാംപെട്ട്, ജെമിനി പാലം തുടങ്ങിയ ഇടങ്ങളിലൂടെ റേസിങ് നടത്തിയ മുഹമ്മദ് സൈഫാൻ, മുഹമ്മദ് ഹാരിഷ് എന്നിവരാണു പിടിയിലായത്.മറ്റു യാത്രക്കാരെ ഭീതിയിലാഴ്ത്തി ബൈക്കിന്റെ മുൻ ടയറുകൾ ഉയർത്തി അതിവേഗത്തിൽ പാഞ്ഞായിരുന്നു യുവാക്കളുടെ അഭ്യാസ പ്രകടനം.
സമൂഹമാധ്യമങ്ങളിൽ റേസിങ്ങിന്റെ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത് ഫോളോവേഴ്സിന്റെ എണ്ണം വർധിപ്പിക്കുകയായിരുന്നു ലക്ഷ്യം.ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനായി വേറൊരു സംഘവുമുണ്ടായിരുന്നു.ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിച്ചതോടെയാണു പൊലീസ് പ്രതികളെ പിടികൂടിയത്.നഗരത്തിൽ നേരത്തേ വ്യാപകമായിരുന്ന ബൈക്ക് റേസിങ് പൊലീസിന്റെ ശക്തമായ ഇടപെടലിനെ തുടർന്ന് നിലച്ചിരുന്നു. എന്നാൽ അടുത്തിടെ ചില സംഘങ്ങൾ വീണ്ടും ആരംഭിച്ചിട്ടുണ്ട്.