ചെന്നൈ : മദ്യക്കടയില്‍ കവര്‍ച്ചയ്ക്ക് കയറി അബോധാവസ്ഥയിലായ രണ്ടുപേര്‍ പൊലീസിന്റെ പിടിയില്‍. തമിഴ്നാട് തിരുവള്ളൂര്‍ ജില്ലയിലെ കരവട്ടിയിലെ സര്‍ക്കാര്‍ മദ്യക്കടയിലാണ് മോഷണത്തിന് കയറിയ കള്ളന്മാര് മദ്യപിച്ച് അവശനിലയില്‍ പിടിയിലായത്.മദ്യക്കടയുടെ ചുമര് തുരന്നാണ് ഇവര്‍ അകത്തുകയറിയത്. മോഷണം നടത്തി മടങ്ങുന്നതിന് മുമ്ബ് രണ്ടെണ്ണം കഴിക്കാനിരുന്നതാണ് കള്ളന്മാര്ക്ക് വിനയായത്.
കുടിച്ച് കഴിഞ്ഞതോടെ ഇവര്‍ക്ക് പുറത്തുകടക്കാന്‍ കഴിയാതെയായി. രാത്രി 11 മണിക്ക് കട അടച്ചുപോയതിന് ശേഷമാണ് സംഭവം നടന്നത്. രാത്രി പട്രോളിംഗ് നടത്തുന്ന പൊലീസ് സംഘം കടയ്ക്ക് മുന്നില്‍ എത്തിയപ്പോള്‍ ഉള്ളില്‍ നിന്ന് ശബ്ദം കേട്ടു.മദ്യക്കുപ്പികള്‍ വീഴുന്ന അസ്വാഭാവിക ശബ്ദത്തില്‍ സംശയം തോന്നിയ പൊലീസുകാര്‍ പരിസരം പരിശോധിച്ചു.
സിസിടിവി കേബിള്‍ മുറിച്ചിട്ടതായി കണ്ടതോടെ പന്തിയല്ലെന്ന് മനസ്സിലാക്കിയ പൊസീസ് സംഘം ഉള്ളിലുള്ളത് കള്ളന്മാര് തന്നെയെന്ന് ഉറപ്പിച്ചു. കൂടുതല്‍ പരിശോധിച്ചപ്പോള്‍ കടയുടെ ഒരു വശത്തെ ചുമര്‍തുരന്നതായി കണ്ടു. മദ്യക്കുപ്പികള്‍ വീഴുന്ന ശബ്ദം തുടര്‍ന്നതോടെ ഉള്ളില്‍ കയറി മദ്യപിച്ച് ബോധം പോയ രണ്ട് കള്ളന്മാരെയും കയ്യോടെ പിടികൂടി.
ചെന്നൈ പള്ളിക്കരണി സ്വദേശി സതീഷ്, വിഴുപ്പുറം സ്വദേശി മുനിയന്‍ എന്നിവരാണ് കവര്‍ച്ച നടത്തിയത്. കടയിലെ മേശയിലുണ്ടായിരുന്ന പതിനായിരം രൂപയും എടുത്ത് പുറത്തുകടക്കാന്‍ തുടങ്ങിയപ്പോഴാണ് മദ്യകുപ്പികള്‍ ശ്രദ്ധയില്‍ പെട്ടത്. പൊലീസ് പിടികൂടിയപ്പോഴും പുറത്തിറങ്ങാനാകാത്ത അവസ്ഥയിലായിരുന്നു ഇരുവരും. ഒടുവില്‍ പൊലീസ് സംഘം ഇവരെ വലിച്ച് പുറത്തിറക്കി. മോഷണം കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.