ചെന്നൈ: ഓണംഅടക്കം അടുത്ത നാലുമാസത്തിനുള്ളിൽ തുടർച്ചയായി അവധിവരുന്ന വിശേഷദിവസങ്ങളിൽ ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് യാത്രാക്ലേശം രൂക്ഷം. ഓണം,പൂജ, ദീപാവലി തുടങ്ങിയ ഉത്സവകാലങ്ങളിൽ പ്രധാന വണ്ടികളിൽ ടിക്കറ്റില്ല.
ഓണക്കാലത്ത് ചെന്നൈ സെൻട്രലിൽനിന്ന് മലബാർ മേഖലയിലേക്കും തെക്കൻ കേരളത്തിലേക്കുമുള്ള വണ്ടികളിൽ ടിക്കറ്റ് ലഭ്യമല്ല. ഇനി തത്കാൽ റിസർവേഷൻ മാത്രമാണ് ബാക്കിയുള്ളത്.ഒക്ടോബറിൽ പൂജ അവധിക്കും നവംബറിൽ ദീപാവലിക്കും ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് സർവീസ് നടത്തുന്ന ചെന്നൈ-തിരുവനന്തപുരം മെയിലിലും ചെന്നൈ-മംഗളൂരു മെയിലിലും ബെർത്ത് കിട്ടാനില്ല.
കേരളത്തിലെ രണ്ട് മേഖലകളിലേക്കും യാത്ര ചെയ്യുന്നതിനായി ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്നത് ഈ രണ്ട് വണ്ടികളാണ്. ദീപാവലിയ്ക്കുള്ള റിസർവേഷൻ കഴിഞ്ഞ ദിവസമാണ് തുടങ്ങിയത്. ദീപാവലിയോടടുത്തുള്ള നവംബർ 10-നാണ് ഏറ്റവും കൂടുതൽ യാത്രത്തിരക്ക് അനുഭവപ്പെടുന്നത്. ഈ തീയതിയിലേക്കുള്ള റിസർവേഷൻ തുടങ്ങിയ ദിവസംതന്നെ ഒട്ടേറെ ടിക്കറ്റുകൾ വിറ്റു പോയി.
പിന്നീട് മൂന്ന് ദിവസംകൊണ്ട് റിസർവേഷൻ നില ആർ.എ.സി.യിൽ എത്തി.തിരുവനന്തപുരം മെയിലിലെ (12623) റിസർവേഷൻ നില ആർ.എ.സി.-89 ആണ്. മംഗളൂരു മെയിലിലെ (12601) റിസർവേഷൻ നില ആർ.എ.സി. 78 ആണ്.മറ്റ് രണ്ട് പ്രതിദിന തീവണ്ടികളിൽ ചെന്നൈ-തിരുവനന്തപുരം എക്സ്പ്രസ്(12695), ചെന്നൈ-മംഗളൂരു എക്സ്പ്രസ് (12685) എന്നിവയിൽ നവംബർ 10-നുള്ള ടിക്കറ്റ് ബുക്കിങ് അതിവേഗം പുരോഗമിക്കുകയാണ്.
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് 25 മുതൽ മൂന്ന് ദിവസത്തേക്ക് തീവണ്ടിയിൽ ടിക്കറ്റ് കിട്ടാനില്ല. 100-ൽ കൂടുതൽ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകളാണ് ഇതിനകം വിറ്റു പോയിരിക്കുന്നത്. പൂജയോടനുബന്ധിച്ച് ഏറെത്തിരക്ക് ഒക്ടോബർ 20-നാണ്. ഈ ദിവസം മംഗളൂരു എക്സ്പ്രസിൽ കുറച്ച് ടിക്കറ്റ് ബാക്കിയുണ്ട്. മറ്റ് മൂന്ന് തീവണ്ടികളിലും ബെർത്ത് ഉറപ്പുള്ള ടിക്കറ്റ് കിട്ടാത്ത സ്ഥിതിയാണ്.