ചെന്നൈ: രണ്ടു വ്യത്യസ്ത കോവിഡ് പ്രതിരോധ വാക്സിനുകൾ ഒരാൾക്കു തന്നെ നൽകി വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് ആശുപത്രി നടത്തുന്ന പഠനത്തിന്റെ ആദ്യഘട്ടം പൂർത്തിയാകുന്നു. കോവിഷീൽഡ് വാക്സീൻ എടുത്തവർക്കു ബൂസ്റ്റർ ഡോസായി കോവാക്സിൻ നൽകുമ്പോൾ ഇവ മനുഷ്യശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നാണു പഠനം.
ആദ്യഘട്ട ത്തിന്റെ വിശകലനം പുരോഗമിക്കുകയാണെന്നു പഠനത്തിന്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ.വിൻസ്ലി റോസ് പറഞ്ഞു. 200 പേരെയാണു പഠനത്തിനായി തിരഞ്ഞെടുത്തത്. ജൂണിൽ പഠനം പൂർത്തിയാകും. രണ്ടും വ്യത്യസ്ത വാക്സിനുകൾ സ്വീകരിച്ചവർക്ക് ആന്റി ബോഡിയുടെ എണ്ണത്തിലുണ്ടായ വർധന അടക്കം പഠനവിഷയമാണ്. 2021 ജൂലൈയിൽ, സെൻ ട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസിഒ) സബ്ജക്ട് എക്സ്പർട്ട് കമ്മിറ്റിയാണു (എസ്ഇസി) പഠനം സിഎംസിയിൽ നടത്തണമെന്ന് ശുപാർശ ചെയ്തത്. ഒരു മാസത്തിനുശേഷം ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) ഇതിന് അനുമതി നൽകി.