തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/IC6TYYVgbvoDfTDTHg977i
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ: കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പരാതി നല്‍കുന്നതിന് എല്ലാ സ്‌കൂളുകളിലും നിര്‍ബന്ധമായും പരാതിപ്പെട്ടികള്‍ സ്ഥാപിക്കണമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ടെന്ന് തമിഴ്‌നാട് സ്‌കൂള്‍ വിദ്യാഭ്യാസമന്ത്രി അന്‍ബില്‍ മഹേഷ് പൊയ്യമൊഴി. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒരാഴ്ചത്തേക്ക് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ലൈംഗിക ബോധവല്‍ക്കരണ ക്ലാസുകള്‍ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡിഎംകെ സര്‍കാര്‍ അധികാരമേറ്റതിന് ശേഷം സ്‌കൂളുകളിലെ ലൈംഗികാതിക്രമ കേസുകള്‍ തടയാന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വിപുലമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് സംസാരിക്കവെ മന്ത്രി പറഞ്ഞു.
എല്ലാ സ്‌കൂളുകളിലും സ്വകാര്യ, എയ്ഡഡ്, സര്‍കാര്‍ സ്‌കൂളുകളിലും ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പരാതി നല്‍കുന്നതിന് കുട്ടികള്‍ക്കായി പരാതിപ്പെട്ടികള്‍ നിര്‍ബന്ധമാക്കണമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 15 ദിവസത്തിലൊരിക്കല്‍ പരാതിപ്പെട്ടികള്‍ പരിശോധിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കും.
സ്‌കൂള്‍ അധ്യാപകരും പ്രധാനാധ്യാപകരും സ്‌കൂള്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ചെന്നൈയിലെ സുശീല്‍ ഹരി ഇന്റര്‍നാഷനല്‍ സ്‌കൂള്‍ സ്ഥാപിച്ച സ്വയം പ്രഖ്യാപിത ആള്‍ദൈവം ശിവശങ്കര്‍ ബാബ സ്‌കൂള്‍ വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായിരുന്നു
സ്‌കൂളിലെ വിദ്യാര്‍ഥികളും മുന്‍ വിദ്യാര്‍ഥികളും ശിവശങ്കര്‍ ബാബയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത്തരം സംഭവങ്ങളെത്തുടര്‍ന്ന്, വിദ്യാര്‍ഥികള്‍ക്കായി പരാതിപ്പെട്ടികള്‍ സ്ഥാപിക്കാന്‍ സര്‍കാര്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിദ്യാഭ്യാസം വീട്ടുപടിക്കല്‍ എത്തിച്ച് ‘ഇല്ലം തേടി കല്‍വി’ പദ്ധതിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പെന്നും മന്ത്രി പറഞ്ഞു. 25.45 ലക്ഷം സര്‍കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും 3.96 ലക്ഷം എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ഥികളും 60,000 സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥികളും പദ്ധതിയുടെ പ്രയോജനം നേടിയതായും അദ്ദേഹം പറഞ്ഞു.
അടുത്ത അഞ്ച് വര്‍ഷത്തേക്ക് സ്മാര്‍ട് ക്ലാസുകളുടെ വികസനത്തിനായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് 7000 കോടി രൂപ നിക്ഷേപിക്കും. 2022-23 ലെ വിദ്യാഭ്യാസത്തിനായുള്ള ബജറ്റ് വിഹിതം 36,895 കോടിയായി ഉയര്‍ത്തി, ഇത് 2021-22 ബജറ്റ് വിഹിതമായ 34,181 കോടി രൂപയില്‍ നിന്ന് 7.9 ശതമാനം വര്‍ധനയാണ് ഉണ്ടായത്.
സംസ്ഥാന വിദ്യാഭ്യാസ നയം (എസ് ഇ പി) നടപ്പാക്കുന്നതില്‍ വിദ്യാഭ്യാസ വകുപ്പ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും എസ് ഇ പി മാതൃക രൂപീകരിക്കാന്‍ വിദ്യാഭ്യാസ വിധഗ്ദരും മറ്റുവിധഗ്ദരുമടങ്ങുന്ന ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പൊയ്യമൊഴി പറഞ്ഞു.