ചെന്നൈ: ചൈനയുടെ ചാരക്കപ്പൽ യുവാൻ വാങ്-5 ശ്രീലങ്കയിലെത്തുമെന്നു സ്ഥിരീകരിച്ചതോടെ തമിഴ്നാട്ടിൽ അതീവ ജാഗ്രത. തീരത്തു നിരീക്ഷണം ശക്തമാക്കാൻ തീരദേശ ജില്ലകളിലെ പൊലീസ് മേധാവിമാർക്ക് സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകി.ഇന്ധനം നിറയ്ക്കാനെന്ന പേരിൽ അടുത്ത ബുധനാഴ്ചയാണു കപ്പൽ ഹംബൻതോട്ട തുറമുഖയാർഡിലെത്തുന്നത്.
ഏഴു ദിവസത്തോളം ഇവിടെയുണ്ടാകും. കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്നലുകൾ പിടിച്ചെടുത്തു വിശകലനം ചെയ്യാൻ കഴിവുള്ള അത്യാധുനിക ചാരക്കപ്പലാണു യുവാൻ വാങ്ക് -5. ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കു പടിഞ്ഞാറൻ മേഖലയിൽ ഉപഗ്രഹ സിഗ്നലുകളുടെ നിരീക്ഷണത്തിനാണു കപ്പലിന്റെ വരവെന്നു രാജ്യാന്തര മാധ്യമങ്ങൾ അടക്കം വിലയിരുത്തുന്നു.
ഒരാഴ്ച മുൻപാണു വിദേശ കാര്യ മന്ത്രാലയത്തിനു കപ്പൽ ലങ്കയിലേക്കു പോകുന്നുവെന്ന സൂചന കിട്ടിയത്.കഴിഞ്ഞ ദിവസം ശ്രീലങ്കൻ സൈനിക വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചു.
750 കിലോമീറ്റർ ആകാശ പരിധിയിലെ സകല സിഗ്നലുകളും പിടിച്ചെടുക്കാൻ ചൈനീസ് ചാരനു കഴിയുമെന്നതിനാൽ കൂടംകുളം, കൽപാക്കം, ശ്രീഹരിക്കോട്ട് തുടങ്ങിയ തെക്കേ ഇന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ ചോരുമോയെന്ന ആശങ്കയിലാണ് സുരക്ഷാ ഏജൻസികൾ.
കേരളത്തിന്റെ മിക്ക പ്രദേശങ്ങളും കപ്പലിന്റെ കണ്ണിൽപ്പെടും.ഇതോടൊപ്പം തമിഴ്നാട്ടിലുള്ള ശ്രീലങ്കൻ അഭയാർഥികൾ ചൈനീസ് കപ്പലിന് അനുമതി നൽകിയതിനെതിരെ പ്രതിഷേധിച്ചേക്കാമെന്ന് കേന്ദ്ര ഏജൻസികൾ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ചൈനയുടെ നിയന്ത്രണത്തിൽ
ദക്ഷിണ ശ്രീലങ്കയിലെ ഹംബൻതോട്ട തുറമുഖ പദ്ധതിക്കു സഹായം നൽകിയതു ചൈനയാണ്.പക്ഷേ വായ്പാ വ്യവസ്ഥയിൽ ഒളിഞ്ഞിരുന്ന കെണികൾ മൂലം വായ്പ തിരിച്ചടയ്ക്കാനാകാതെ 2017ൽ ശ്രീലങ്ക ഈ തുറമുഖം ചൈനയ്ക്ക് കൈമാറി.
നിലവിൽ ചൈനീസ് കമ്പനിക്കാണു തുറമുഖത്തിന്റെ നിയന്ത്രണം. ലങ്കയുടെ മൊത്തം കടബാധ്യതയിൽ 800 കോടി ഡോളറും (60,885 കോടിയോളം ഇന്ത്യൻ രൂപ) ചൈനയ്ക്കു തിരിച്ചടയ്ക്കാനുള്ളതാണ്.