ചെന്നൈ തമിഴ്നാട്ടില് സ്കൂള് കുട്ടികള്ക്കായി സംസ്ഥാന സര്ക്കാര് ഏര്പ്പെടുത്തിയ പ്രഭാത ഭക്ഷണ പദ്ധതിയെ പരിഹസിച്ച ദിനമലര് പത്രത്തിനെതിരെ പ്രതിഷേധം ശക്തം.
പദ്ധതി നടപ്പാക്കിയതോടെ സ്കൂള് ശൗചാലയങ്ങള് നിറഞ്ഞൊഴുകുകയാണെന്നായിരുന്നു പത്രത്തിലെ വാര്ത്ത. മുഖ്യമന്ത്രി എം കെ സ്റ്റാലിന് രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി. സംസ്ഥാനത്തുടനീളം പ്രതിഷേധമുയര്ന്നു. ദിനമലര് ബിജെപി മുഖപത്രമായെന്ന് കോണ്ഗ്രസ് പരിഹസിച്ചു.
വീട്ടില്നിന്ന് ഭക്ഷണം കഴിച്ച കുട്ടികള് സ്കൂളിലെത്തിയശേഷവും ഭക്ഷണം കഴിക്കുന്നതിനാല് ശുചിമുറി കൂടുതല് ഉപയോഗിക്കേണ്ടി വരുന്നെന്നായിരുന്നു വാര്ത്ത. തമിഴ്നാട്ടില് പ്രൈമറി സ്കൂളുകളിലെ 17 ലക്ഷത്തോളം വിദ്യാര്ഥികള്ക്ക് പ്രയോജനകരമായ പദ്ധതിയെയാണ് നീചമായി പരിഹസിച്ചത്.