നാഗർകോവിൽ: വിദേശത്തുള്ള ഭർത്താവുമായി വിഡിയോ കോളിൽ സംസാരിക്കുന്നതിനിടെ, കന്യാകുമാരിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ. കന്യാകുമാരി ജില്ലയിലെ കൊട്ടാരം സ്വദേശി ജ്ഞാനഭാഗ്യ (33) യാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ഭർത്താവിന്റെ സംശയ രോഗവും മാനസിക പീഡനവും മൂലം മനംനൊന്താണ് യുവതിയുടെ ആത്മഹത്യയെന്നു ബന്ധുക്കൾ ആരോപിച്ചു.കിടപ്പുമുറിയിൽ ജ്ഞാനഭാഗ്യ തൂങ്ങി മരിക്കുന്നതിന്റെ ദൃശ്യങ്ങൾ തത്സമയം കണ്ട ഭർത്താവ് സെന്തിലാണ് വിവരം ബന്ധുക്കളെ അറിയിച്ചത്.
ജ്ഞാനഭാഗ്യയുടെ ബന്ധുക്കൾ വാതിൽ തകർത്ത് മുറിയിൽ പ്രവേശിപ്പിച്ചപ്പോഴേക്കും മരണംസംഭവിച്ചിരുന്നു.കൊട്ടാരം പഞ്ചായത്ത് ഓഫിസിൽ താത്കാലിക ജീവനക്കാരിയായിരുന്നു ജ്ഞാനഭാഗ്യ സംഭവത്തിൽ കേസെടുത്തുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഫാനിൽ സാരി ഉപയോഗിച്ച് കെട്ടി തൂങ്ങിയായിരുന്നു മരണം.
ജ്ഞാനഭാഗ്യയ്ക്ക് രഹസ്യബന്ധമുണ്ടെന്നു സെന്തിൽ സംശയിച്ചിരുന്നതായും ജ്ഞാനഭാഗ്യ മറ്റു പുരുഷന്മാരുമായി ഇടപഴകുന്നതിൽ സെന്തിൽ അനിഷ്ടം പ്രകടിപ്പിച്ചിരുന്നതായും ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. നിത്യവും ഇതേ ചൊല്ലി സെന്തിൽ ജ്ഞാനഭാഗ്യയുമായി കലഹിച്ചിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. എട്ടുവർഷം മുൻപ് പ്രണയിച്ചാണ് ഇരുവരും വിവാഹിതരായതെന്നും സെന്തിലിനെ വിവാഹം ചെയ്യുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു.
കന്യാകുമാരി പെരിയവിള സ്വദേശിയായ സെന്തിൽ സിംഗപ്പൂരിലാണ് ജോലി ചെയ്യുന്നത്. ദിവസവും ഭാര്യയോടും മക്കളോടും വിഡിയോ കോളിൽ സംസാരിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി പതിവുപോലെ രണ്ട് കുട്ടികളെയും ഉറക്കികിടത്തിയ ശേഷം സെന്തിലുമായി വിഡിയോ കോളിൽ സംസാരിക്കുകയായിരുന്നു ജ്ഞാനഭാഗ്യ. മുറിയിൽ ഭാര്യയ്ക്കൊപ്പം ആരോ ഉണ്ടെന്നു സെന്തിൽ സംശയം പ്രകടിപ്പിക്കുകയായിരുന്നു.
മുറിയുടെ മുഴുവൻ ദൃശ്യവും ക്യാമറയിൽ കാണിക്കാൻ സെന്തിൽ ആവശ്യപ്പെട്ടു. കിടപ്പുമുറിയടക്കമുള്ള സ്ഥലങ്ങൾ ക്യാമറ ഉപയോഗിച്ച് തത്സമയം കാണിക്കാൻ സെന്തിൽ ആവശ്യപ്പെട്ടത് ജ്ഞാനഭാഗ്യയെ മാനസികമായി തകർത്തുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
മുറിയിൽ താനും കുട്ടികളും മാത്രം ഉള്ളുവെന്നു പലതവണ പറഞ്ഞിട്ടും കേൾക്കാൻ പോലും സെന്തിൽ തയാറാകാതിരുന്നതോടെ ക്യാമറ ഓഫാക്കാതെ തന്നെ കിടപ്പുമുറിയിലെ ഫാനിൽ സാരി ഉപയോഗിച്ച് ജ്ഞാനഭാഗ്യ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എന്നാൽ ഭർത്താവിനെ ഭയപ്പെടുത്താൻ വേണ്ടി ഫാനിൽ സാരി ഉപയോഗിച്ച് കുരുക്കിടുകയായിരുന്നുവെന്നും കയറി നിന്ന സ്കൂൾ തെന്നിമാറിയതോടെ കുരുക്കു കഴുത്തിൽ മുറുകി ജ്ഞാനഭാഗ്യ മരിക്കുകയായിരുന്നുവെന്നുമാണ് മറ്റു ചില റിപ്പോർട്ടുകൾ. എന്നാൽ പൊലീസ് ഔദ്യോഗികമായി ഈ വാദം സ്ഥിരീകരിച്ചിട്ടില്ല.